Asianet News MalayalamAsianet News Malayalam

തുടരെ ഷെല്ലിംഗ്, ഹാർകീവിൽ പെട്ട് നൂറ് കണക്കിന് പേർ, പൊട്ടിക്കരഞ്ഞ് കുട്ടികൾ, ആരുണ്ട് കേൾക്കാൻ?

ടണലിലൂടെ കയറി മെട്രോ സ്റ്റേഷനിലെത്തിയ മലയാളി വിദ്യാർത്ഥികൾ പുറത്ത് വൻ സ്ഫോടനശബ്ദങ്ങൾ തുടരെത്തുടരെ കേൾക്കുന്നതായാണ് പറയുന്നത്. ഇന്ന് മെട്രോകളിൽ കയറാൻ ശ്രമിച്ച പല മലയാളി വിദ്യാർത്ഥികളെയും അധികൃതർ ഇറക്കി വിട്ടു. യൂറോപ്യൻമാർക്കാണ് അവിടെ പ്രഥമപരിഗണന.

Ukraine Russia War Live Updates Hundreds Of Indian Students Stuck In Kharkiv
Author
Kharkiv, First Published Mar 2, 2022, 8:44 PM IST

ഹാർകീവ്/ ദില്ലി: നടന്നെങ്കിലും പ്രാദേശികസമയം ആറ് മണിയോടെ ഹാർകീവ് വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശിക്കുമ്പോൾ റോഡിൽ നടക്കാൻ പോലുമാകാതെ മെട്രോസ്റ്റേഷനുകളിലും ബങ്കറുകളിലും കുടുങ്ങിക്കിടക്കുകയാണ് മലയാളികളുൾപ്പടെയുള്ള വിദ്യാർത്ഥികൾ. കനത്ത ഷെല്ലിംഗും തുടരെയുള്ള സ്ഫോടനശബ്ദങ്ങളുമാണ് പുറത്ത് കേൾക്കുന്നതെന്നും, ഈ സാഹചര്യത്തിൽ എങ്ങനെ നടന്ന് പോകുമെന്നും കുട്ടികൾ ചോദിക്കുന്നു. 

''ഞങ്ങളിപ്പോൾ ഭൂഗർഭമെട്രോ സ്റ്റേഷനിലാണുള്ളത്. ആറ് മണിക്കുള്ളിൽ ഹാർകീവ് വിടണമെന്നും, അത് വരെ ആക്രമിക്കില്ലെന്നും ഇന്ത്യയ്ക്ക് റഷ്യ ഉറപ്പ് നൽകിയെന്നാണ് പറയുന്നത്. പക്ഷേ, ഇപ്പോഴും പുറത്ത് വലിയ ഷെല്ലിംഗും ബോംബ് സ്ഫോടനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളെന്താണ് ചെയ്യേണ്ടത്? ട്രെയിനിൽ ആദ്യം യുക്രൈൻ പൗരൻമാരെയേ കേറ്റൂ. അവർ കയറിക്കഴിഞ്ഞ് പത്തോ പതിനഞ്ചോ ഫോറിനേഴ്സിനെ മാത്രമേ കയറ്റൂ. ആ ഫോറിനേഴ്സിൽ ഇന്ത്യൻസ് മാത്രമല്ല. ഒരുപാട് പേര് ഇവിടെ കാത്ത് നിൽക്കുന്നുണ്ട്. ഞങ്ങൾക്ക് വേറെ ഒരു വഴിയുമില്ല'', കുട്ടികൾ പൊട്ടിക്കരഞ്ഞുകൊണ്ട് ശബ്ദസന്ദേശത്തിൽ പറയുന്നു. 

''റഷ്യൻസ് അറ്റാക്ക് നിർത്തിയെന്നാണ് പറയുന്നത്. പക്ഷേ നിർത്തിയിട്ടില്ല. ഷെല്ലിംഗും ബോംബിംഗും തുടർച്ചയായിട്ട് നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളിപ്പോൾ ഭൂഗർഭസ്റ്റേഷനിലാണുള്ളത്. അവിടെ സ്റ്റേഷനകത്തേക്ക് പ്ലാറ്റ്‍ഫോമിലേക്ക് കയറാൻ പോലും വഴിയില്ല. അത്ര തിരക്കാണവിടെ'', ഭയം കൊണ്ട് വിറച്ച് മറ്റൊരു ശബ്ദസന്ദേശം. 

''സാറേ എങ്ങനെയെങ്കിലും ഞങ്ങളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തണം സാറേ, വേറൊരു വഴിയുമില്ല. ഇവിടെ വലിയ രീതിയിൽ ആക്രമണം നടക്കുവാണ്. ഞങ്ങൾക്ക് എന്താ ചെയ്യണ്ടത് എന്ന് പോലും അറിയില്ല. സാറിന് കഴിയുന്ന വിധം ഞങ്ങളെ ഇവിടെ നിന്ന് ഇറക്കാൻ ശ്രമിക്കണം. ഇന്ത്യക്കാർക്ക് ഇവിടെ ഒന്നും കിട്ടുന്നില്ല. ഒരു പരിഗണനയുമില്ല. പുറത്തേക്ക് ഇറങ്ങാൻ ഒരു വഴിയുമില്ല. ഹാർകീവിൽ നിന്ന് ഇറങ്ങാൻ ഇന്ത്യക്കാർക്ക് വേണ്ടി മാത്രമായി ഒരു ട്രെയിനെങ്കിലും അറേഞ്ച് ചെയ്ത് തരണം സർ, ഞങ്ങൾക്ക് ഇവിടെ ഒരു ട്രെയിനിൽ കയറി രക്ഷപ്പെടാനാകുമെന്ന് പ്രതീക്ഷയില്ല സർ, അതല്ലെങ്കിൽ റഷ്യക്കാരോട് താൽക്കാലികമായി വെടിനിർത്തൽ നടപ്പാക്കിയെന്ന് പറയുകയല്ലാതെ അത് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയെങ്കിലും വേണം സർ. ഞങ്ങളെക്കൊണ്ട് നടന്ന് പോകാൻ കഴിയില്ല സർ. കുറച്ച് മണിക്കൂറുകളെങ്കിലും ആക്രമണം നിർത്താൻ പറയണം സർ, ഞങ്ങൾ നടന്നെങ്കിലും പൊക്കോളാം'', വിറച്ച് ദയനീയമായി അപേക്ഷിച്ചുകൊണ്ട് മറ്റൊരു ശബ്ദസന്ദേശം. 

വീഡിയോ സന്ദേശത്തിൽ മറ്റൊരു സംഘം വിദ്യാർത്ഥികൾ പറയുന്നതിങ്ങനെ: ''വൊഗ്സാലിൽ നിന്ന് അതിർത്തികളിലേക്ക് പോകാൻ വേണ്ടി എത്തിയതാണ് ഞങ്ങൾ. ഞങ്ങളിവിടെ മെട്രോ സ്റ്റേഷനിൽ പെട്ട് കിടക്കുകയാണ്. ട്രെയിനുകളിൽ ഞങ്ങളെ കയറ്റുന്നില്ല. യുക്രൈനിയൻ പൗരൻമാർക്കും യൂറോപ്യൻമാർക്കുമാണ് ഇവിടെ പ്രഥമപരിഗണന. ഇന്ത്യൻ എംബസിയിൽ വിളിച്ച് ഒരു മറുപടിയും കിട്ടുന്നില്ല. ടാക്സി വിളിച്ചൊന്നും പോകുന്നത് പ്രായോഗികമേ അല്ല. റോഡുകളിൽ കനത്ത ഷെല്ലിംഗാണ്. ഇവിടെ ഭൂഗർഭമെട്രോ സ്റ്റേഷനുകളിൽ കഴിയുകയെന്നതല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ല. ദയവ് ചെയ്ത് ഞങ്ങളെ സഹായിക്കണം''

''സ്ഥിതി വളരെ ഗുരുതരമാണ്. രാവിലെ മുതൽ റെയിൽവേസ്റ്റേഷനിൽ നിൽക്കുകയാണ്. ഉച്ചയ്ക്ക് 12.30-യ്ക്കാണ് ആദ്യ ട്രെയിൻ വന്നത്. അപ്പോൾ റഷ്യൻ സൈന്യമാണ് ആളുകളെ കടത്തി വിടുന്നത് നിയന്ത്രിക്കുന്നത്. യുക്രൈനിയൻ വനിതകൾക്കും കുട്ടികൾക്കുമാണ് അവർ ആദ്യപരിഗണന കൊടുക്കുന്നത്. പിന്നെ യുക്രൈനിയൻ പുരുഷൻമാർക്കും. ഇവിടെ വലിയ തിരക്കാണ്. ഇന്ത്യക്കാർ മാത്രമായി രണ്ടായിരത്തോളം പേരുണ്ട് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരെയും നൈജീരിയക്കാരെയും അടക്കം അവിടെ പ്രവേശിപ്പിക്കുന്നത് പോലുമില്ല. ഇവിടെ തൊട്ടുമുന്നത്തെ ബിൽഡിംഗിൽ ഷെല്ലിംഗുണ്ടായി. ബോംബ് ബ്ലാസ്റ്റുണ്ടായി. എല്ലാവരും ഓടുകയാണ് ചെയ്തത്. ബോർഡറിൽ എത്തിയാൽ മാത്രമേ സഹായിക്കാൻ പറ്റൂ എന്നാണ് എംബസി പറയുന്നത്. എന്ത് ചെയ്യണമെന്നറിയില്ല'', മറ്റൊരു കുട്ടി പറയുന്നു. 

പോളണ്ടിലെ ഷെഹിനി മെഡിക്കാ അതിർത്തി ഒഴിവാക്കണം

രക്ഷപ്പെടാൻ അതിർത്തികളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾ പോളണ്ടിലെ ഷെഹിനി മെഡിക്കാ അതിർത്തി ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസിയുടെ നിർദേശം. പകരം ബുഡോമിർസ് അതിർത്തി ഉപയോഗിച്ച് പോളണ്ടിൽ എത്താനാണ് നിർദ്ദേശം. ഇതിനിടെ ലിവീവിൽ കുടുങ്ങിയ ഗർഭിണിയായ മലയാളിക്ക് സന്നദ്ധപ്രവർത്തകരുടെ ഇടപെടലിന് തുടർന്ന് പോളണ്ട് അതിർത്തിയിൽ എത്താനായത് ആശ്വാസമായി.

പോളണ്ടിലെ ഷെഹിനി മെഡിക്കാ അതിർത്തിയിലെ ദൃശ്യങ്ങൾ രാവിലെ പുറത്തുവന്നത് കേരളത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തുന്നതായിരുന്നു. 45 കിലോമീറ്റർ നടന്നാണ് മലയാളികൾ അടക്കം വിദ്യാർത്ഥികൾ ഇവിടേക്ക് എത്തുന്നത്. നടന്ന് കാലിൽ പൊള്ളച്ച് പൊട്ടി മുറിവേറ്റ വിദ്യാർത്ഥികൾ അതിർത്തി കടക്കാൻ എംബസിയുടെ സഹായം തേടി ഇവിടെ തുടരുകയാണ്. ഇതിനിടെ ലിവീവിൽ ഇന്ന് എത്തിയ പൂർണ്ണ ഗർഭിണിയായ നീതുവും ഭർത്താവ് അഭിജിത്തും വാഹനങ്ങൾ കിട്ടാതെ ഏറെ നേരം നഗരത്തിൽ കുടുങ്ങി. മണിക്കൂറുകൾക്ക് ശേഷം ചില മലയാളികളുടെ ഇടപെടലിന് തുടർന്നാണ് ഇവർക്ക് ടാക്സിയിൽ അതിർത്തിയിലേക്ക് പോകാനായത്. 

പോളണ്ടിൽ ഇവരെ ആശുപത്രിയിലാക്കാനുള്ള സൗകര്യങ്ങൾ ചെയ്യുമെന്ന് എംബസി വ്യക്തമാക്കി. ഷെഹിനി മെഡിക്കാ അതിർത്തി ഒഴിവാക്കിയുള്ള യാത്രനിർദ്ദേശമാണ് നിലവിൽ എംബസി പുറത്തിറക്കിയിരിക്കുന്നത്. ബുഡോമിർസ് അതിർത്തിയിലൂടെ മാത്രമാണ് നിലവിൽ പോളണ്ടിലേക്ക് കടക്കാൻ സൗകര്യമുള്ളതെന്നാണ് എംബസി അറിയിക്കുന്നത്.

Follow Us:
Download App:
  • android
  • ios