കഴിഞ്ഞ ഫെബ്രുവരി 28-ന് യുഎസ് ഇറാന് നേരേ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് മിനാബിലെ സ്കൂളിന് നേരേയും മിസൈൽ ആക്രമണമുണ്ടായത്. യുഎസിന്റെ രണ്ട് ടോമഹോക്ക് മിസൈലുകളാണ് സ്കൂളിന് മേൽ പതിച്ചത്. ആക്രമണത്തിൽ 123 കുട്ടികളടക്കം 150-ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.
വാഷിങ്ടൺ: ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്. കാലാഹരണപ്പെട്ട വിവരങ്ങൾ ഉപയോഗിച്ചതും എഐ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിച്ചതുമാണ് സ്കൂളിന് നേരേ മിസൈൽ വർഷിക്കാൻ കാരണമായതെന്നാണ് അമേരിക്കൻ മാധ്യമമായ ബ്ലൂംബർഗ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ഇക്കാര്യം യുഎസ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി 28-ന് യുഎസ് ഇറാന് നേരേ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് മിനാബിലെ സ്കൂളിന് നേരേയും മിസൈൽ ആക്രമണമുണ്ടായത്. യുഎസിന്റെ രണ്ട് ടോമഹോക്ക് മിസൈലുകളാണ് സ്കൂളിന് മേൽ പതിച്ചത്. ആക്രമണത്തിൽ 123 കുട്ടികളടക്കം 150-ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.
സ്കൂളിന് നേരേ യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിനെതിരേ ഇറാൻ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. അമേരിക്കൻ നടപടി യുദ്ധക്കുറ്റത്തിന് തുല്യമാണെന്ന് ഐക്യരാഷ്ട്രസംഘടനയും അഭിപ്രായപ്പെട്ടു. എന്നാൽ, സ്കൂളിന് നേരേയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ട്രംപ് ഭരണകൂടം തയ്യാറായില്ല. ഇതിനിടെയാണ് ബ്ലൂംബർഗിന്റെ അന്വേഷണറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
കാലാഹരണപ്പെട്ട വിവരങ്ങൾ നൽകിയതും സൈനികനടപടികൾക്ക് എഐ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിച്ചതുമാണ് സ്കൂളിന് നേരേയുണ്ടായ മിസൈൽ വർഷത്തിന് കാരണമായതെന്ന് പെന്റഗൺ തിരിച്ചറിഞ്ഞിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽതന്നെ പിഴവ് സംഭവിച്ചതായി പെന്റഗൺ ഉദ്യോഗസ്ഥർ മനസിലാക്കിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇറാനെതിരേ യുദ്ധം ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ആയിരത്തിലേറെ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഇതിൽ ഒരു കേന്ദ്രമായിരുന്നു മിനാബിലെ സ്കൂളും. ഇറാന്റെ ഐആർജിസിയുടെ താവളമായാണ് സ്കൂൾ സ്ഥിതിചെയ്തിരുന്ന പ്രദേശം അമേരിക്ക തങ്ങളുടെ വിവരങ്ങളിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, വർഷങ്ങളോളം ഐആർജിസിയുടെ താവളമായിരുന്ന പ്രദേശത്ത് പിന്നീട് സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു. 2017-ൽ തന്നെ പ്രദേശത്ത് സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയായിരുന്നതായാണ് അക്കാലത്തെ ഉപഗ്രഹ ചിത്രങ്ങളിലുണ്ടായിരുന്നത്. 2018-ലെ ഉപഗ്രഹ ചിത്രങ്ങളിൽ സ്കൂൾ മൈതാനം, വിദ്യാർഥികളുടെ ചിത്രങ്ങൾ തുടങ്ങിയവും ഉൾപ്പെട്ടിരുന്നു. പക്ഷേ, യുഎസ് സൈന്യത്തിന്റെ ഡേറ്റാബേസിൽ ഈ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. 2019-ൽ ചില യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഈ മാറ്റം രേഖപ്പെടുത്തിയിരുന്നെങ്കിലും സൈന്യത്തിന്റെ പ്രധാന ഡേറ്റാബേസിലേക്ക് ഇത് കൈമാറിയില്ല. അതിനാലാണ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആക്രമണത്തിനുള്ള ലക്ഷ്യകേന്ദ്രങ്ങൾ നിശ്ചയിച്ചപ്പോൾ സ്കൂളും ഉൾപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
മിനാബിലെ സ്കൂൾ ഐആർജിസിയുടെ താവളമെന്നാണ് യുഎസിന്റെ ഡേറ്റാബേസിൽ രേഖപ്പെടുത്തിയിരുന്നത്. ഏകദേശം ഏഴുവർഷത്തോളം പഴക്കമുള്ള വിവരങ്ങളും ഉപഗ്രഹചിത്രങ്ങളുണായിരുന്നു ഇത്. യുഎസിന്റെ ഡേറ്റാബേസിൽ ഇവിടെ സ്കൂൾ സ്ഥിതിചെയ്യുന്നുണ്ടെന്ന വിവരം രേഖപ്പെടുത്തിയിരുന്നില്ല. ഈ വിവരങ്ങൾ ഉപയോഗിച്ച് ലക്ഷ്യകേന്ദ്രങ്ങൾ നിശ്ചയിച്ചതോടെയാണ് സ്കൂളിന് നേരേയും മിസൈൽ വർഷമുണ്ടായതെന്നും ഈ വീഴ്ചയെക്കുറിച്ച് പെന്റഗൺ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകളിലുണ്ട്.
പലാന്തീർ ടെക്നോളജീസ് വികസിപ്പിച്ച മേവൻ സ്മാർട് സിസ്റ്റം എന്ന എഐ സാങ്കേതികവിദ്യയാണ് യുഎസ് സൈന്യം ഉപയോഗിച്ചിരുന്നത്. ലക്ഷ്യകേന്ദ്രങ്ങൾ നിർണയിക്കുന്നത് മുതൽ കമാൻഡ് ആൻഡ് കൺട്രോൾ വരെയുള്ള സൈനിക നടപടികൾ ദ്രുതഗതിയിലാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ട്. എന്നാൽ, യുഎസ് സെൻട്രൽ കമാൻഡിലെ ചില ഉദ്യോഗസ്ഥർ എഐ സാങ്കേതിക വിദ്യയെ അമിതമായി ആശ്രയിച്ചെന്നാണ് വിലയിരുത്തൽ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇത്തരം സൈനികനടപടികളിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ടായില്ലെന്നും വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിൽ വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മിനാബിലെ ആക്രമണത്തിന് പിന്നിൽ തങ്ങളുടെ എഐ സാങ്കേതികവിദ്യയ്ക്കുണ്ടായ പിഴവല്ലെന്നാണ് പലാന്തീർ ടെക്നോളജീസിന്റെ പ്രതികരണം. അടിസ്ഥാനവിവരങ്ങളിലെയോ രഹസ്യാന്വേഷണവിവരങ്ങളിലെ വീഴ്ചകൾക്കോ കമ്പനി ഉത്തരവാദിയല്ലെന്നും ഇവർ പറയുന്നു.


