- Home
- News
- International News
- രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ്, ഇറാന്‍ കാര്യത്തില്‍ ഉരുണ്ടുകളി; വെനിസ്വേലയെക്കുറിച്ച് വാചാലം
രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ്, ഇറാന്‍ കാര്യത്തില്‍ ഉരുണ്ടുകളി; വെനിസ്വേലയെക്കുറിച്ച് വാചാലം
ഇറാന്‍ വിഷയത്തില്‍ ട്രംപിന് എന്താണ് പറയാനുള്ളത്. ഇന്നലെ നടന്ന നിര്‍ണായകമായ 'സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍' പ്രഭാഷണത്തില്‍ ലോകം കാതോര്‍ത്തത് ഇക്കാര്യമായിരുന്നു. എന്നാല്‍, ട്രംപ് പതിവ് അവ്യക്തതകള്‍ക്കപ്പുറം ഒന്നും വിട്ടുപറഞ്ഞില്ല.

അമേരിക്കന്‍ പ്രസിഡന്റ് ഓരോ വര്‍ഷവും പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രസംഗമാണ് സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍' പ്രഭാഷണം. രാജ്യത്തിന്റെ നിലവിലെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാനും, വരും വര്‍ഷത്തേക്കുള്ള ലക്ഷ്യങ്ങളും പദ്ധതികളും വിശദീകരിക്കാനുമാണ് പ്രസിഡന്റ് ഈ അവസരം ഉപയോഗിക്കാറ്. വാഷിംഗ്ടണ്‍ ഡി.സി.യിലെ 'ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്' ചേംബറിലാണ് ഈ സമ്മേളനം നടക്കാറ്. സെനറ്റര്‍മാര്‍, ജനപ്രതിനിധികള്‍, സുപ്രീം കോടതി ജസ്റ്റിസുമാര്‍, സൈനിക മേധാവികള്‍, പ്രസിഡന്റിന്റെ ക്യാബിനറ്റ് അംഗങ്ങള്‍ തുടങ്ങിയവരാണ് ഇതില്‍ സംബന്ധിക്കുക.
ഇന്നലെയായിരുന്നു ട്രംപിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍' പ്രഭാഷണം. സ്വാഭാവികമായും ലോകം കാതോര്‍ത്തത് ഇറാന്‍ വിഷയത്തിലെ ട്രംപിന്റെ നിലപാട് ആയിരുന്നു. എന്നാല്‍, പ്രസംഗത്തിന്റെ 90 മിനിറ്റ് കഴിഞ്ഞാണ് ട്രംപ് ഇറാന്‍ വിഷയം പരാമര്‍ശിച്ചത്. അതും വെറും മൂന്ന് മിനിറ്റ്. അതാകട്ടെ, കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം പറഞ്ഞ അതേ കാര്യങ്ങളും. ഈ വര്‍ഷത്തെ സുപ്രധാന പ്രസംഗം അവസാനിച്ചപ്പോഴും, പശ്ചിമേഷ്യയില്‍ ഇത്രയധികം യുഎസ് സൈനിക സന്നാഹങ്ങള്‍ എന്തിനാണെന്ന് വിശദീകരിക്കാന്‍ ട്രംപിന് സാധിച്ചില്ല.
ഇറാന്‍ അവരുടെ 'ദുഷ്ട ലക്ഷ്യങ്ങളിലുള്ള സഞ്ചാരം' തുടരുകയാണെന്നാണ് ട്രംപ് പറഞ്ഞത്. കഴിഞ്ഞ ജൂണില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് ശേഷം, അവര്‍ വീണ്ടും ആണവായുധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായും ട്രംപ് പറഞ്ഞു. 'ഞങ്ങള്‍ ഇറാനുമായി ചര്‍ച്ചയിലാണ്. അവര്‍ക്ക് കരാറില്‍ താല്പര്യമുണ്ട്' ട്രംപ് പറഞ്ഞു. എന്നാല്‍ കരാര്‍ എങ്ങനെയുള്ളതാവണം എന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും വിശദീകരിച്ചില്ല. പകരം ഇങ്ങനെ പറഞ്ഞു: 'ഞങ്ങള്‍ ഒരിക്കലും ആണവായുധം നിര്‍മ്മിക്കില്ല' എന്ന വാക്കുകള്‍ ഇതുവരെ ഇറാന്റെ ഭാഗത്തുനിന്നും കേട്ടിട്ടില്ല.''
ആണവായുധം ഉണ്ടാക്കാനുള്ള പരീക്ഷണങ്ങള്‍ ഇറാന്‍ ആവര്‍ത്തിക്കുന്നുവെന്ന് വര്‍ഷങ്ങളായി ആരോപണമുണ്ടെങ്കിലും തങ്ങള്‍ ആണവായുധം നിര്‍മ്മിക്കില്ലെന്നാണ് അവര്‍ സ്ഥിരം പറയാറുള്ളത്. ട്രംപിന്റെ പ്രസംഗത്തിന് തൊട്ടുമുമ്പ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സോഷ്യല്‍ മീഡിയയില്‍ എഴുതിയത്, 'ഒരു സാഹചര്യത്തിലും ഇറാന്‍ ആണവായുധം വികസിപ്പിക്കില്ല' എന്നാണ്.
2003-ലെ ഇറാഖ് അധിനിവേശത്തിന് മുന്നോടിയായി അന്നത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് മാസങ്ങളോളം എന്തുകൊണ്ട് യുദ്ധം അനിവാര്യമാണെന്ന് ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിച്ചിരുന്നു. ആ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു. അമേരിക്കയുടെ ഇറാഖ് അധിനിവേശം തന്ത്രപരമായ വലിയ പിഴവാണെന്നാണ് പിന്നീട് ചിരിത്രം തെളിയിച്ചത്. എന്നാല്‍ ട്രംപാവട്ടെ ഇനിയും ജനങ്ങളോട് ഒന്നും വിശദീകരിക്കുന്നേയില്ല. അമേരിക്കന്‍ സൈനികരുടെ ജീവന്‍ പണയപ്പെടുത്തി യുദ്ധം ചെയ്യാനുള്ള കാരണമുണ്ടെന്ന് ട്രംപിന് ഇന്നലെ പോലും ബോധ്യപ്പെടുത്താനായില്ല.
വിദേശ രാജ്യങ്ങളുമായി നീണ്ട യുദ്ധങ്ങള്‍ ഒഴിവാക്കുമെന്ന വാഗ്ദാനത്തോടെയാണ് ട്രംപ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ പല രാജ്യങ്ങളിലാണ് ട്രംപ് ആക്രമണങ്ങള്‍ നടത്തിയത്. ഇറാനെ ആക്രമിക്കുന്നത് യുഎസ് സൈനികരുടെ വലിയ തോതിലുള്ള ജീവഹാനിക്ക് ഇടയാക്കുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ ട്രംപിന് സ്വകാര്യമായി മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു.
ജനുവരിയില്‍ ഇറാനില്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയതിന് മറുപടിയായി ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം പിന്നോട്ടുപോയി. ഇപ്പോള്‍ ഇറാന്‍ ആണവ കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ ആക്രമിക്കുമെന്ന ഭീഷണിയാണ് അദ്ദേഹം ഉയര്‍ത്തുന്നത്. ഇത് തന്നെയാണ് ഇന്ന്‍ലെയും ട്രംപ് ആവര്‍ത്തിച്ചത്. 'നയതന്ത്രത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ഞാന്‍ താല്പര്യപ്പെടുന്നത്. ഒരു കാര്യം ഉറപ്പാണ്: ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സ്‌പോണ്‍സറായ ഇറാന്‍ ആണവായുധം ഉണ്ടാക്കാന്‍ ഒരിക്കലും അനുവദിക്കില്ല. അത് സംഭവിക്കാന്‍ പാടില്ല.'
ഇറാന്റെ കാര്യം കാര്യമായി പറഞ്ഞില്ലെങ്കിലും വെനിസ്വേലയിലെ സൈനിക ഇടപെടലിനെക്കുറിച്ച് ട്രംപ് വാചാലനായിരുന്നു. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാന്‍ നടത്തിയ റെയ്ഡിനിടെ പരിക്കേറ്റ ഹെലികോപ്റ്റര്‍ പൈലറ്റ് എറിക് സ്ലോവറിന്റെ ധീരതയെക്കുറിച്ച് ട്രംപ് വിശദമായി വിവരിച്ചു.
വെനിസ്വേലയ്ക്ക് നേരെയുള്ള ആക്രമണം 'ഗംഭീകരമായിരുന്നു' എന്ന് വിദേശ നേതാക്കള്‍ തന്നോട് പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

