യുദ്ധം 21-ാം ദിവസത്തിലേക്ക് എത്തുമ്പോഴും യുക്രെയ്ൻ - പോളണ്ട് അതിർത്തിയിലേക്കുള്ള അഭയാർത്ഥി പ്രവാഹം തുടരുകയാണ്. ജീവനും കൈയിൽ പിടിച്ച് രാജ്യം വിട്ടോടി വരുന്നവരെ സ്വീകരിക്കാൻ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയ യുക്രെയ്ൻ പൗരൻമാരും ഇപ്പോൾ പോളണ്ട് അതി‍ർത്തിയിലേക്ക് എത്തുന്നുണ്ട്. അവരിലൊരാളാണ് യുക്രെയ്ൻ സ്വദേശിയും ഇപ്പോൾ കാനഡയിൽ സ്ഥിരതാമസക്കാരിയുമായ മറിയ. വാഴ്സ റെയിൽവേ സ്റ്റേഷനിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രശാന്ത് രഘുവംശത്തോട് മറിയ സംസാരിച്ചു. അവരുടെ വാക്കുകളിലേക്ക്... 

അതിർത്തിയിൽ നിന്നും എത്തുന്നവരെ സഹായിക്കുകയാണ് ഇവിടെയുള്ള വളണ്ടിയർമാരുടെ ജോലി. ഒന്നുമില്ലാതെ ജീവനും കൈയിൽ പിടിച്ചാണ് യുക്രെയ്നിൽ നിന്നും ആളുകൾ അതിർത്തിയിലേക്ക് എത്തുന്നത്. അവർക്ക് ഭക്ഷണവും വെള്ളവും പുതപ്പും വസ്ത്രങ്ങളും സിം കാർഡുകളും എല്ലാം വിതരണം ചെയ്യാനും അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് വാങ്ങികൊടുക്കുന്നതുമെല്ലാം വളണ്ടിയർമാരുടെ ജോലിയാണ്. ഒരോ ദിവസം കഴിയും തോറും കൂടുതൽ പേർ അതിർത്തിക്കപ്പുറത്ത് നിന്നും വന്നു കൊണ്ടിരിക്കുകയാണ്. ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങൾ യുക്രെയ്ന് പിന്തുണ നൽകാത്തത് നിരാശജനകമാണ്. റഷ്യയെ പിന്തുണയ്ക്കുന്നത് ശരിയായ കാര്യമല്ല. വളരെ നീണ്ട യാത്രയ്ക്ക് ശേഷമാണ് എൻ്റെ മാതാവ് അതിർത്തി കടന്ന് എത്തിയത്. ഒരുപാട് പേർ അതിർത്തി കടക്കാൻ അമ്മയെ സഹായിച്ചു. അമ്മയ്ക്ക് കിട്ടിയ സ്നേഹവും കരുതലും ഈ സേവനത്തിലൂടെ തിരികെ നൽകാനാണ് ഞാൻ ശ്രമിക്കുന്നത്. യുക്രെയ്നിൽ നിന്നും എത്തുന്നവരോട് വലിയ കരുണയും കരുതലുമാണ് പോളണ്ടിലെ ജനങ്ങൾ കാണിക്കുന്നത്. ഇത്ര രൂക്ഷമായ പ്രതിസന്ധിയിലും യുക്രെയ്ൻക്കാരെ കൂടി ഒപ്പം കൂട്ടാൻ അവർ തയ്യാറാവുന്നുണ്ട്. 

YouTube video player