യുഎന്‍: അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാനുള്ള യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മീഷന്‍റെ നടപടിയെ ഇന്ത്യ പിന്തുണച്ചു. ചൈന, പാകിസ്ഥാന്‍ തുടങ്ങി ഇന്ത്യയുടെ അയല്‍ രാജ്യങ്ങളടക്കമുള്ള നിരവധി രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോളാണ് ഇന്ത്യ യുഎന്‍ നടപടിയെ പിന്തുണച്ചത്. 1961 മുതല്‍ മാരകമായ ലഹരിമരുന്നുകളുടെ പട്ടികയായ ഷെഡ്യൂള്‍ നാലിലാണ് കഞ്ചാവിന്‍റെ സ്ഥാനം. കഞ്ചാവിനെ ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റി ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തണമെന്ന് ലോക ആരോഗ്യ സംഘടന നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മീഷന്‍റെ നടപടി.

അമേരിക്കയും ബ്രിട്ടനുമാണ് കഞ്ചാവിനെ ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റാന്‍ മുന്‍കൈയെടുത്തത്. ഈ നടപടിയെ ഇന്ത്യ പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ റഷ്യ, ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കഞ്ചാവിനെ ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റുന്നതില്‍ ഈ രാജ്യങ്ങള്‍ ആശങ്കപ്രകടിപ്പിക്കുകയും നടപടിയെ എതിര്‍ക്കുകയും ചെയ്തു. കഞ്ചാവ് നിരവധി മരുന്നുകള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇതിനാല്‍ ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റണമെന്നും നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു.

യുഎന്‍ നടപടിയെ തുടര്‍ന്ന് യുഎസില്‍ കഞ്ചാവ് ഔഷധ ആവശ്യത്തിനായി ഉപയോഗിക്കുന്ന കമ്പനികളുടെ ഓഹരി മൂല്യം ഉയര്‍ന്നു. യുഎസില്‍ നിരവധി സ്‌റ്റേറ്റുകളില്‍ കഞ്ചാവ് നിയമവിധേയമാണ്. നാല് സ്‌റ്റേറ്റുകള്‍ കഞ്ചാവ് നിയമവിധേയമാക്കാന്‍ 2020 ല്‍ യുഎസ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. ലഹരിവസ്തുക്കള്‍ നിയമവിധേയമാക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ഉള്ള അന്തിമ തീരുമാനം അതത് രാജ്യങ്ങളിലെ ഭരണകൂടത്തിനാണെങ്കിലും രാജ്യങ്ങള്‍ക്ക് അവരുടെ നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ യുഎന്‍ ശുപാര്‍ശകള്‍ പ്രധാനമാണ്. കഞ്ചാവിന്‍റെ ലഹരി ഇതര ഉപയോഗം ഇന്ത്യയിലെ ടെക്‌സറ്റൈല്‍, കോസ്‌മെറ്റിക് വ്യവസായ മേഖലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതേസമയം, കഞ്ചാവ് നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം.