ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് യുഎന്നും രാജ്യാന്തര സമൂഹവും എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് യുഎന്‍ പ്രതികരണം നടത്തിയത്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയ്ക്കാനുള്ള പാകിസ്ഥാന്‍റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് യുണെെറ്റഡ് നേഷന്‍സ്. യുഎന്‍ ചീഫ് ആന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്കാണ് വിഷയത്തില്‍ യുഎന്‍ പ്രതികരണം അറിയിച്ചത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് യുഎന്നും രാജ്യാന്തര സമൂഹവും എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് യുഎന്‍ പ്രതികരണം നടത്തിയത്. യുഎന്‍ സെക്രട്ടറി ജനറല്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും പ്രധാനമന്ത്രിമാരോട് സംസാരിച്ചോ എന്ന ചോദ്യത്തിന് രണ്ട് രാജ്യങ്ങളുമായി പല തലങ്ങളില്‍ ബന്ധപ്പെട്ടെന്നും യുഎന്‍ വ്യക്തമാക്കി.

പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും എത്രയും വേഗം പരസ്പരധാരണകളോടെ നീക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നലെ പറഞ്ഞത്.