ചന്തു എന്ന 26-കാരൻ യുഎസിൽ ജീവനൊടുക്കി. ബിരുദാനന്തര ബിരുദം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിലുള്ള മാനസിക സമ്മർദ്ദമാണ് മരണ കാരണം. മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തെ സഹായിക്കാനും ഇന്ത്യൻ സമൂഹം ധനസമാഹരണം നടത്തുന്നുണ്ട്.

ചിക്കാഗോ: ആന്ധ്ര പ്രദേശിലെ കുർണൂൽ സ്വദേശിയായ 26 വയസ്സുകാരൻ ചന്തു യുഎസിൽ ജീവനൊടുക്കി. ചിക്കാഗോയിലെ ഡിപോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചന്തു, കഴിഞ്ഞ കുറച്ചു ആഴ്ചകളായി ജോലി കണ്ടെത്താനുള്ള കഠിനമായ ശ്രമത്തിലായിരുന്നു. എന്നാൽ ജോലി ലഭിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Add Asianetnews as a Preferred SourcegooglePreferred

സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന പിതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചന്തുവിനെ വല്ലാതെ അലട്ടിയിരുന്നു. പഠനം പൂർത്തിയാക്കിയിട്ടും വീട്ടിൽ നിന്നും പണം വാങ്ങേണ്ടി വരുന്നതിൽ ചന്തു അതീവ ദുഃഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. വലിയ സ്വപ്നങ്ങളുമായി അമേരിക്കയിൽ എത്തിയ ചന്തുവിന് നേരിടേണ്ടി വന്ന വെല്ലുവിളികൾ താങ്ങാവുന്നതിലും അധികമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

ചന്തുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്. ഏകദേശം 1.20 ലക്ഷം ഡോളർ ലക്ഷ്യമിട്ടാണ് ധനസമാഹരണം നടത്തുന്നത്. ഇതിനോടകം തന്നെ 76,000 ഡോളറിലധികം സമാഹരിക്കാൻ കഴിഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് കുടുംബത്തിന് താങ്ങാൻ കഴിയില്ല എന്നതിനാലാണ് ഇത്തരമൊരു നീക്കം. മൃതദേഹം വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ഏകദേശം 25,000 ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ തുക കഴിഞ്ഞ് ബാക്കി ലഭിക്കുന്ന പണം ചന്തുവിന്റെ മാതാപിതാക്കൾക്ക് അവരുടെ കടബാധ്യതകൾ തീർക്കുന്നതിനായി നൽകാനാണ് സംഘാടകരുടെ തീരുമാനം.

വിഷയത്തിൽ ആന്ധ്രാപ്രദേശ് ഐടി മന്ത്രി നര ലോകേഷും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവും ഇടപെട്ടിട്ടുണ്ട്. ചന്തുവിന്റെ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് നര ലോകേഷ് കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഏകോപനം നടത്തുമെന്നും രാം മോഹൻ നായിഡു ഉറപ്പുനൽകി.

അമേരിക്കയിലെ ചിക്കാഗോയിലുള്ള ചന്തുവിന്റെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മരണത്തെ കുറിച്ചുള്ള കൂടുതൽ അന്വേഷണ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉന്നത പഠനത്തിനായി വിദേശത്തെത്തി ഒടുവിൽ നിരാശയും സമ്മർദ്ദവും മൂലം ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി ജീവനൊടുക്കിയത് യുഎസിലെ പ്രവാസി സമൂഹത്തിനിടയിൽ വലിയ നോവായി മാറിയിരിക്കുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)