ഇറാൻ യുദ്ധം ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം കാരണം ഭക്ഷ്യവിലകൾ ഇതിനകം കുതിച്ചുയരുകയാണ്, ഇത് തുടർന്നാൽ പല രാജ്യങ്ങളും കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്ന് യുഎൻ ആശങ്ക പ്രകടിപ്പിച്ചു
ന്യൂയോർക്ക്: ഇറാൻ യുദ്ധത്തിൽ ലോക ജനതക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. യുദ്ധം കാരണമുള്ള പ്രതിസന്ധിയിൽ ആഗോളതലത്തിൽ ഭക്ഷ്യവില കുതിച്ചുയരുന്നതായി യു എൻ ചൂണ്ടിക്കാട്ടി. ഇത് ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കുമെന്നും യു എൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് നിലവിൽ ഭക്ഷ്യവിലയെന്ന് യു എൻ ഭക്ഷ്യ - കാർഷിക സംഘടന (എഫ് എ ഒ) വ്യക്തമാക്കി. കഴിഞ്ഞ മാസം എഫ് എ ഒയുടെ ഭക്ഷ്യവില സൂചിക ശരാശരി 128.5 പോയിന്റിലെത്തി. ഇത് ഫെബ്രുവരി മാസത്തേക്കാൾ 2.4 ശതമാനം വർധനയാണ് രേഖപ്പെടുത്തുന്നത്. യുക്രൈൻ യുദ്ധം സൃഷ്ടിച്ച വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്ക് പിന്നാലെ ഇറാൻ യുദ്ധം കൂടി ആരംഭിച്ചതോടെ പ്രതിസന്ധി വൻതോതിൽ വർധിച്ചതായും സംഘടന ചൂണ്ടിക്കാട്ടി. യുദ്ധം 40 ദിവസത്തിലധികം നീണ്ടുനിന്നാൽ ആഗോള ഭക്ഷ്യോൽപ്പാദനം വൻതോതിൽ കുറയാൻ സാധ്യതയുണ്ടെന്ന് എഫ് എ ഒ നിരീക്ഷിക്കുന്നു.
കാർഷിക മേഖലയെയും രൂക്ഷമായി ബാധിക്കും
വളം, ധാന്യം എന്നിവയുടെ വിലയിലുണ്ടായ വർധനവ് ഉൽപ്പാദന മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ധാന്യവിലയിൽ 1.5 ശതമാനവും അന്താരാഷ്ട്ര ഗോതമ്പ് വിലയിൽ 4.3 ശതമാനവും വർധനവുണ്ടായി. പ്രധാന കൃഷി രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി തടസ്സപ്പെടുന്നതും ഇന്ധനവില വർധനവുമാണ് ഭക്ഷ്യവില സൂചികയെ ഇത്രത്തോളം സ്വാധീനിച്ചത്. വരും മാസങ്ങളിലും ഈ പ്രവണത തുടർന്നാൽ പല രാജ്യങ്ങളും കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്നും യു എൻ ആശങ്ക പ്രകടിപ്പിച്ചു.
യുദ്ധം ഉടൻ അവസാനിപ്പിക്കണം: യു എൻ ജനറൽ സെക്രട്ടറി
മിഡിൽ ഈസ്റ്റ് കൂടുതൽ വ്യാപകമായ ഒരു യുദ്ധത്തിന്റെ വക്കിലാണെന്നും അമേരിക്കയും ഇസ്രായേലും ഉടൻ തന്നെ യുദ്ധം നിർത്തണമെന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇറാൻ അയൽരാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്തുന്നത് ലോകമെമ്പാടും രൂക്ഷമായ വിലവർദ്ധനവിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നയതന്ത്രം മാത്രമാണ് ഏക പോംവഴിയെന്നും യുദ്ധം തുടരുകയാണെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നും ഗുട്ടെറസ് വ്യക്തമാക്കി. ആഗോളതലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും യു എൻ മേധാവി കൂട്ടിച്ചേർത്തു.
