ന്യൂയോര്‍ക്ക്: ഇറാനുമായി തർക്കം തുടരുന്നതിനിടെ കൂടുതൽ സൈന്യത്തെ അമേരിക്ക മധ്യേഷയിലേക്ക് അയക്കും. കൂടുതൽ സൈനികരെ വിന്യസിക്കുന്നതിനൊപ്പം ആയുധശേഷിയും കൂട്ടുമെന്നാണ് വിവരം. സേനാവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഇതിൽ ഉള്‍പ്പെടുന്നുണ്ട്. മധ്യേഷ്യയിലെ സൈനികരുടെ സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് അമേരിക്കയുടെ വിശദീകരണം. 

അതേസമയം കഴിഞ്ഞ ദിവസം എണ്ണ ടാങ്കറുകൾ ഇറാൻ ആക്രമിക്കുന്നതിന്‍റെ കൂടുതൽ ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. അതിനിടെ യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്.