2009 -ൽ നടന്ന ആഭ്യന്തര യുദ്ധത്തിന്റെ അന്തിമ ഘട്ടത്തിലെ കലാശപ്പോരിനിടെ പതിനായിരക്കണക്കിന് തമിഴ് വംശജരുടെ ചോരകണ്ടതാണ് ശ്രീലങ്കൻ മണ്ണ്. ആ മണ്ണിൽ, ഇന്നും കഴിഞ്ഞു കൂടുന്ന അവശേഷിച്ച തമിഴർ, അവർക്കുനേരിടേണ്ടി വന്ന യുദ്ധകാല കെടുതികളുടെ, പീഡനങ്ങളുടെ, തങ്ങളുടെ സഹജീവികളുടെ രക്തസാക്ഷിത്വങ്ങളുടെ ഓർമയ്ക്ക് അപൂർവം ചില സ്മാരകങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട് ലങ്കയിൽ. അത്തരത്തിൽ ഒന്നാണ്, ജാഫ്‌ന സർവകലാശാലാ കാമ്പസിലെ ശിൽപം. വെള്ളത്തിനടിയിൽ നിന്ന് മുകളിലേക്ക് ഉയർത്തിപ്പിടിച്ച അവസ്ഥയിലുള്ള ചില കൈകളാണ് ശില്പരൂപം പൂണ്ട് രക്തസാക്ഷിത്വത്തിന്റെ ഏറെ വൈകാരികമായ ഒരു ഓർമയായി ആ ക്യാമ്പസിൽ നിലകൊണ്ടിരുന്നത്. മുല്ലൈവയ്ക്കൽ സ്മാരകം എന്നാണ് ഈ ശിൽപം അറിയപ്പെട്ടിരുന്നത്. 

വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെ, ആ ശില്പത്തിന് നേരെ പാഞ്ഞടുത്ത, സർവകലാശാല അധികൃതർ വാടകയ്‌ക്കെടുത്ത ഒരു ബുൾഡോസർ അതിനെ തകർത്തു തരിപ്പണമാക്കി. ഇങ്ങനെ ഒരു നടപടി ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞ് അവിടെ തടിച്ചു കൂടിയ നൂറുകണക്കിന് തമിഴ് വംശജരുടെ പ്രതിഷേധങ്ങൾ വകവെക്കാതെ, ഒരൊറ്റ രാത്രികൊണ്ട് അധികൃതർ ഒരു പതിറ്റാണ്ടിന്റെ മുറിവുകൾക്കുമേൽ വീണ്ടും ഉപ്പുതേച്ചു. 

 

 

ആഭ്യന്തരയുദ്ധത്തിൽ അവസാന ഘട്ടത്തിൽ നടന്ന കൊടിയ ക്രൂരതകളുടെ പേരിൽ, അവ രേഖപ്പെടുത്തപ്പെട്ട ചില ഡോക്യൂമെന്ററികളുടെ പേരിൽ, അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഏറെ നാണം കേട്ടതാണ് ശ്രീലങ്ക. അംഗീകരിക്കാൻ ഗവണ്മെന്റ് ഇന്നും മടിക്കുന്ന യുദ്ധകാലകുറ്റകൃത്യങ്ങളുടെ ആ അസുഖകരമായ ഓർമകളെ തേച്ചുമായ്ച്ചു കളയാനുള്ള ഗവണ്മെന്റിന്റെ ശ്രമമാണ്, തമിഴർ നിർമിച്ച യുദ്ധസ്മാരകത്തെ തകർത്തു തരിപ്പണമാക്കിയ സർക്കാർ നടപടി. 

എന്നാൽ, പ്രദേശത്തെ പൊലീസും ജാഫ്ന സർവകലാശാല അധികൃതരും പറയുന്നത്, ആ ശിൽപം അവിടെ സ്ഥാപിക്കാനുള്ള അനുമതി സർവകലാശാലയിൽ നിന്നോ, പ്രാദേശിക ഭരണ കൂടത്തിൽ നിന്നോ എടുക്കാതെയാണ് അങ്ങനെ ഒന്ന് അവിടെവന്നത് എന്നും, യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് കൂടിയാണ് അതിനെ ക്യാമ്പസിൽ നിന്ന് നീക്കം ചെയ്യാനുള്ള ഏകകണ്ഠമായ തീരുമാനമെടുത്തത് എന്നുമാണ്. ഇത്തരത്തിലുള്ള അനാവശ്യമായ നിർമിതികൾ ശ്രീലങ്കൻ ജനതയുടെ സമാധാനത്തിനും സ്വൈരത്തിനും വിഘാതമാകും എന്നും, പഠിക്കാനെത്തുന്ന യുവമനസ്സുകളെ വഴിതെറ്റിക്കും എന്നൊക്കെയാണ് ഗവണ്മെന്റിന്റെ ആക്ഷേപം. അതേസമയം, തങ്ങളിൽ അവശേഷിച്ചിട്ടുള്ള ആത്മാഭിമാനത്തിന്റെ അവസാനത്തെ കണികയും ഇല്ലായ്ക ചെയ്യാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെയുള്ള മുറുമുറുപ്പ് ജാഫ്‌നയിലെ തമിഴ് വിദ്യാർത്ഥികൾക്കിടയിൽ ശക്തമാവുകയാണ്.