ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട അല്‍ഖയിദ നേതാവ് ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസയെ യുഎന്‍ രക്ഷാസമതി ആഗോള ഭീകരരുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക്  ഏഴുകോടി രൂപ പ്രതിഫലം നല്‍കുമെന്ന് അമേരിക്ക് അറിയിച്ചതിന് പിന്നാലെയാണ് യുഎന്‍ രക്ഷാസമിതി ഹംസയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.  കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഹംസ ബിന്‍ ലാദന് യാത്രാ വിലക്കുണ്ടാകും. ആയുധങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല കൂടാതെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്യും.

അല്‍ഖയിദയുടെ നിലവിലെ നേതാവായ അയ്മന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയായി ഹംസ മാറുമെന്നാണ് കരുതപ്പെടുന്നത്. പിതാവിനെ കൊന്നതിന് പ്രതികാരമായി അമേരിക്കയെ ആക്രമിക്കാന്‍ അനുയായികളോട് ആവശ്യപ്പെടുന്ന വീഡിയോകളും ഓഡിയോകളും ഹംസ കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തുവിട്ടിരുന്നു. 2011 ല്‍ പാക്കിസ്ഥാനില്‍ വച്ചാണ് ഒസാമ ബിന്‍ ലാദനെ യുഎസ് സ്പെഷ്യല്‍ ഫോഴ്സ് കൊലപ്പെടുത്തിയത്. രണ്ടുവര്‍ഷം മുന്‍പ് ഹംസയെ ആഗോള ഭീകരരുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിരുന്നു. ഇതിനിടെ ഹംസ ബിന്‍ ലാദന്‍റെ മകന്‍റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി.