ഷാർജ ഉൾപ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട അസാധാരണമായ ദുർഗന്ധത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന യാതൊരു സാഹചര്യവുമില്ലെന്നും ഫെഡറൽ അധികൃതർ ഉടൻ വിശദമായ റിപ്പോർട്ട് പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു. തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിച്ച് പരിഭ്രാന്തരാകരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.

ഷാർജ: ഷാർജ ഉൾപ്പെടെ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ അസാധാരണമായ ദുർഗന്ധം വമിച്ച സംഭവത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി. പൊതുജനാരോഗ്യത്തിനോ സുരക്ഷയ്ക്കോ ഭീഷണിയാകുന്ന യാതൊരു സാഹചര്യവുമില്ലെന്ന് അധികൃതർ ഉറപ്പുനൽകി.

തിങ്കളാഴ്ച മുതലാണ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ദുർഗന്ധം അനുഭവപ്പെട്ടതായി പരാതികൾ ഉയർന്നത്. ഫെഡറൽ, പ്രാദേശിക സർക്കാർ ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുള്ള മുബാറക് ബിൻ ആമിർ അറിയിച്ചു. ഷാർജ ടിവിയിലെയും റേഡിയോയിലെയും 'ഡയറക്ട് ലൈൻ' പരിപാടിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ഥിതിഗതികൾ പൂർണ്ണമായും സുരക്ഷിതവും ശാന്തവുമാണെന്ന് പൊതുജനങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അപകടകരമായ ഒന്നുമില്ല’ - അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച അനുഭവപ്പെട്ട ദുർഗന്ധം പിന്നീട് ഇല്ലാതായെങ്കിലും, മുൻകരുതൽ നടപടിയെന്ന നിലയിൽ പരിശോധനകൾ തുടരുകയാണെന്ന് ബിൻ ആമിർ വ്യക്തമാക്കി. ഫെഡറൽ അധികൃതർ വിശദമായ റിപ്പോർട്ട് പുറത്തുവിടും

ഈ സംഭവം ഷാർജയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മറ്റ് പല എമിറേറ്റുകളിലും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഫെഡറൽ അധികൃതർ ഉടൻ തന്നെ മാധ്യമങ്ങളിലൂടെ വിശദമായ റിപ്പോർട്ട് പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ആളുകളുടെ ആശങ്കകൾ സ്വാഭാവികമാണെന്നും പറഞ്ഞ അദ്ദേഹം, അധികൃതരുടെ ഭാഗത്തുനിന്നും വ്യക്തത വരുത്തേണ്ടത് കടമയാണെന്നും കൂട്ടിച്ചേർത്തു. ഫെഡറൽ ഏജൻസികളുമായി ചേർന്ന് പോലീസ് നിരന്തരം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതിനാൽ തെറ്റായ പ്രചാരണങ്ങൾ വിശ്വസിച്ച് പരിഭ്രാന്തരാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.