വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അമേരിക്ക ആരോപിച്ചു. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ആരോപണവുമായി രംഗത്തെത്തിയത്. ലോകത്താകമാനമുള്ള കമ്പനികളുടെ കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന വ്യാപാര രഹസ്യങ്ങള്‍ രണ്ട് ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായും അമേരിക്ക ആരോപിച്ചു. 

വാക്‌സിന്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ട കമ്പിനികളുടെ വിവരങ്ങളും വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് ചൈനീസ് ഹാക്കര്‍മാര്‍ നടത്തുന്നതെന്നും ഇവര്‍ക്ക് ചൈനീസ് സര്‍ക്കാറിന്റെ പിന്തുണയുണ്ടെന്നും അമേരിക്ക ആരോപിച്ചു. ചൈനീസ് ഹാക്കര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അമേരിക്ക വ്യക്തമാക്കി.  

അമേരിക്കയുടെ ആരോപണത്തിനെതിരെ ചൈന രംഗത്തെത്തി. ചൈനയോടുള്ള വിദ്വേഷമാണ് ഇത്തരമൊരു ആരോപണത്തിന് കാരണമെന്നും ലോകത്തെ സാങ്കേതിക ശക്തിയെന്ന പദവിക്ക് ഇളക്കം തട്ടുമ്പോഴുള്ള അസ്വസ്ഥതയാണെന്നും ചൈന മറുപടി നല്‍കി. അമേരിക്കയുടെ ദുരാരോപണങ്ങളെ നേരിടുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.

 ജനജീവിതം അഭിവൃദ്ധിപ്പെടുത്തുകയും ലോക സമാധാനം ഉറപ്പാക്കുകയുമാണ് ചൈനയുടെ ലക്ഷ്യം. സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന നിലയില്‍ സ്വന്തം പരമാധികാരം സംരക്ഷിക്കാന്‍ ചൈനക്ക് അവകാശമുണ്ട്. ചൈനീസ് ജനതയുടെ കഠിനാധ്വാനം കൊണ്ടാണ് നേട്ടങ്ങളുണ്ടായത്. ദുരാരോപണങ്ങള്‍കൊണ്ട് ചൈനയുടെ നേട്ടത്തെ കുറച്ച് കാണാനാകില്ലെന്നും അമേരിക്കയുടെ ആരോപണത്തെ അതേ നാണയത്തില്‍ ചൈന നേരിടുമെന്നും വിദേശ കാര്യ വക്താവ് ഹുവാ ചുന്നിയിങ് പറഞ്ഞു. 

യുഎസ് അറ്റോര്‍ണി ജനറല്‍ വില്ല്യം ബാറാണ് പ്രസംഗത്തില്‍ ചൈനക്കെതിരെ ആദ്യം രംഗത്തെത്തിയത്. കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്ന സ്ഥാപനങ്ങളെയും സര്‍വകലാശാലകളെയും ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ റഷ്യക്കെതിരെയും അമേരിക്ക സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.