അമേരിക്കയുടെ നിർണായക സൂപ്പർ സോണിക് ബോംബർ വിമാനങ്ങളിൽ രണ്ടെണ്ണമാണ് ഇത്തരത്തിൽ കരീബിയൻ കടലിന് മുകളിലൂടെ വ്യാഴാഴ്ച പറന്നത്.
ന്യൂയോർക്ക്: കരീബിയൻ കടലിനു മുകളിലൂടെ പരിശീലന ദൗത്യം നടത്തി അമേരിക്കൻ വ്യോമസേനയുടെ ബി 1 ബി ബോംബർ വിമാനങ്ങൾ. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ തവണയാണ് ദീർഘദൂര യുഎസ് ബോംബർ വിമാനങ്ങൾ ഈ മേഖലയ്ക്ക് മുകളിലൂടെ പരിശീലന ദൗത്യത്തിനെത്തുന്നത്. യുഎസ് എയർ ഫോഴ്സിന്റെ ബോൺ എന്നപേരിൽ അറിയപ്പെടുന്നവയാണ് ഈ വിമാനം. അമേരിക്കയുടെ നിർണായക സൂപ്പർ സോണിക് ബോംബർ വിമാനങ്ങളിൽ രണ്ടെണ്ണമാണ് ഇത്തരത്തിൽ കരീബിയൻ കടലിന് മുകളിലൂടെ വ്യാഴാഴ്ച പറന്നത്. ടെക്സാസിലെ ഡൈസ് വ്യോമസേനാ താവളത്തിൽ നിന്നാണ് ബി 1 ബി ബോംബർ വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്തത്. അന്തർദേശീയ വ്യോമ മേഖലയിൽ ഇവ പരിശീലന പറക്കലിൽ ഏർപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ച സമാനമായ നിലയിൽ ബി 52 ബോംബർ വിമാനങ്ങളാണ് വെനസ്വലയ്ക്ക് സമീപത്ത് കൂടി പറന്നത്.
സെപ്റ്റംബർ ആദ്യം മുതൽ മയക്കുമരുന്ന് കള്ളക്കടത്ത് കടത്തുകാരെ ഉന്നമിട്ട് അമേരിക്കൻ സൈന്യം നടത്തിയത് 9 ആക്രമണം
ലൂസിയാനയിലെ ബേസിൽ നിന്നായിരുന്നു ഈ വിമാനം ടേക്ക് ഓഫ് ചെയ്തത്. വെനസ്വേലയ്ക്ക് 90 മൈൽ അകലെ വരെ ബി 52 ബോംബർ വിമാനം എത്തിയിരുന്നു. വെനസ്വേലയെ സമ്മർദ്ദത്തിൽ ആക്കാനുള്ള ശ്രമങ്ങളാണോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് തെറ്റായ വിവരമെന്നാണ് ട്രംപ് പ്രതികരിച്ചത്. അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യം രണ്ടാഴ്ചയായ കരീബിയൻ മേഖലയിൽ ഏറുകയാണ്. ലഹരി കാർട്ടലുകളുമായി സായുധ സംഘർഷമെന്ന അഭ്യൂഹങ്ങളും സജീവമാണ്. നിലവിൽ 10000 അമേരിക്കൻ സൈനികരാണ് കരീബിയൻ മേഖലയിലുള്ളത്. ഇതിന് പുറമേ യുഎസ് നേവിയുടെ 8 കപ്പലുകളും പത്ത് എഫ് 35 സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ പ്യൂർട്ടോ റിക്കോയിലും വിന്യസിച്ചിട്ടുണ്ട്.
സെപ്റ്റംബർ ആദ്യം മുതൽ മയക്കുമരുന്ന് കള്ളക്കടത്ത് കടത്തുകാരെ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം കുറഞ്ഞത് ഒമ്പത് വ്യോമാക്രമണങ്ങളെങ്കിലും നടത്തിയിട്ടുണ്ട്. ഈ വ്യോമാക്രമണങ്ങളിൽ ഭൂരിഭാഗവും വെനിസ്വേലയ്ക്ക് സമീപമുള്ള കരീബിയൻ പ്രദേശങ്ങളിലാണ് നടത്തിയത്. എന്നാൽ ചൊവ്വാഴ്ച മുതൽ യുഎസ് സൈന്യം മധ്യ അമേരിക്കയിലും പടിഞ്ഞാറൻ പസഫിക്കിലും പ്രവർത്തിക്കുന്ന ബോട്ടുകളിൽ സമാനമായ വ്യോമാക്രമണം നടത്തിയിരുന്നു. ട്രംപ് ഭരണകൂടം മയക്കുമരുന്ന് തീവ്രവാദികളായി മുദ്രകുത്തിയ അഞ്ച് വ്യക്തികൾ കിഴക്കൻ പസഫിക്കിൽ നടന്ന രണ്ട് വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മയക്കുമരുന്ന് കാർട്ടലുകൾക്കെതിരായ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37ആയിരുന്നു.

