ഇറാന്റെ നടപടിയെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും രംഗത്തെത്തി. ഇനി എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ രാജ്യം കടുത്ത അക്രമത്തിലൂടെ തന്നെ മറുപടി നൽകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്

ന്യൂഡൽഹി: ചരക്കുകപ്പൽ ആക്രമിച്ചതിന് ഇറാന് നേരെ യുഎസിന്റെ ശക്തമായ വ്യോമാക്രമണം നടത്തി. വാൻസ് ജൂൺ 25ന് ഹോർമുസ് വഴി ഒമാൻ തീരത്തുകൂടി കടന്നുപോകുകയായിരുന്ന എം/വി എവർ ലൗലി' എന്ന സിംഗപ്പൂർ പതാകയേന്തിയ ചരക്കുകപ്പലിന് നേരെ ഇറാൻ വൺ-വേ അറ്റാക്ക് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള ശക്തമായ മറുപടിയാണ് തങ്ങളുടെ വ്യോമാക്രമണമെന്ന് യുഎസ് സെൻട്രൽ കമ്മാൻഡ് വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ഈ അനാവശ്യമായ ആക്രമണം വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും അന്താരാഷ്ട്ര വ്യാപാര പാതയിലെ നാവിക സ്വാതന്ത്ര്യത്തെ ഇത് തകിടം മറിക്കുന്നതാണെന്നും യുഎസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഗോളതലത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് വിതരണവും കടന്നുപോകുന്ന ഹോർമുസിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് അമേരിക്കൻ സൈന്യം സുരക്ഷിത പാത ഉറപ്പാക്കുന്നുണ്ടെന്നും കരാറുകൾ പൂർണ്ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൈന്യം ജാഗ്രതയോടെ നിലകൊള്ളുകയാണെന്നും സെൻട്രൽ കമ്മാൻഡ് കൂട്ടിച്ചേർത്തു. ആക്രമണത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും അവർ പുറത്തുവിട്ടു. യുഎസ് ആക്രമണം നടത്തിയ സ്ഥലം വ്യക്തമാക്കിയിട്ടില്ലെങ്കിലും, തെക്കൻ തുറമുഖ നഗരമായ സിരിക്കിലെ താഹെറൂയേ പിയറിൽ സ്ഫോടന ശബ്ദം കേട്ടതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ നടപടിയെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും രംഗത്തെത്തി. ഇനി എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ രാജ്യം കടുത്ത അക്രമത്തിലൂടെ തന്നെ മറുപടി നൽകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി. ഒപ്പുവെച്ച വെടിനിർത്തൽ കരാർ അമേരിക്ക മാനിക്കുന്നുണ്ടെന്നും വിയോജിപ്പുകളുണ്ടെങ്കിൽ ഫോണിലൂടെ സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ ഡ്രോൺ ആക്രമണം വെടിനിർത്തൽ കരാറിന്റെ വിഡ്ഢിത്തം നിറഞ്ഞ ലംഘനമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വലിയ തുക വിലമതിക്കുന്ന ചരക്കുകപ്പലിന്റെ മുകൾത്തട്ടിൽ ഒരു ഡ്രോൺ പതിച്ചതായും മറ്റ് മൂന്നെണ്ണം വെടിവെച്ചിട്ടതായും ട്രംപ് വ്യക്തമാക്കി. യുഎസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ആക്രമണം ആവർത്തിച്ചാൽ ഇതിലും വലിയ രീതിയിലുള്ള മറുപടി നൽകുമെന്നും ടെലിഗ്രാമിലൂടെ ഇറാൻ സ്റ്റേറ്റ് ടിവി വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ഏപ്രിൽ 8-നാണ് പ്രാബല്യത്തിൽ വന്നത്. എന്നാൽ അതിനുശേഷവും ഇരുവിഭാഗങ്ങളും തമ്മിൽ പ്രദേശത്ത് ഒറ്റപ്പെട്ട അക്രമങ്ങൾ നടന്നിരുന്നു. തുടർന്ന് മിഡിൽ ഈസ്റ്റിലെ നാല് മാസത്തോളം നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനായി ജൂൺ 17-ന് ട്രംപും ഇറാന്റെ മസൂദ് പെസെഷ്കിയാനും ചേർന്ന് 14 ഇന കരാറിൽ ഒപ്പുവെച്ചിരുന്നു. ഉടനടി സൈനിക നടപടികൾ നിർത്തലാക്കാനും 60 ദിവസത്തിനകം അന്തിമ കരാറിലെത്താനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഇത്. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട ചർച്ചകൾ തിങ്കളാഴ്ച സ്വിറ്റ്സർലൻഡിൽ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുന്നത്.