നിലവിൽ ഇന്ത്യയ്ക്കെതിരായി പാകിസ്ഥാൻ ആക്രമണത്തിന് തുർക്കിയുടെ പിന്തുണ ലഭ്യമായ സാഹചര്യത്തിൽ പുതിയ മിസൈൽ വിൽപനയെ രാജ്യം ആശങ്കയോടെയാണ് കാണുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യാ പാക് സംഘർഷത്തിൽ ഇസ്ലാമബാദിനാണ് പിന്തുണയെന്ന് തുർക്കി വ്യക്തമാക്കിയിരുന്നു
ദില്ലി: നാറ്റോയുടെ സഖ്യരാജ്യമായ തുര്‍ക്കിക്ക് 225 മില്യൺ ഡോളർ (ഏകദേശം 19269855000 രൂപ) വിലവരുന്ന മിസൈലുകൾ വിൽക്കാനുള്ള അനുമതിയുമായി അമേരിക്ക. പാകിസ്ഥാനുമായി തുർക്കി പ്രതിരോധ ബന്ധം ശക്തമാക്കിയിട്ടുള്ള സമയത്തെ മിസൈൽ വിൽപനയെ ആശങ്കയോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസി പ്രസിദ്ധീകരിച്ച പ്രസ്താവന അനുസരിച്ച് AIM-120C-8 അഡ്വാൻസ്ഡ് മിഡ്-റേഞ്ച് എയർ-ടു-എയർ മിസൈലുകളും അനുബന്ധ ലോജിസ്റ്റിക് സഹായങ്ങളും തുര്‍ക്കിയിലേക്ക് വില്‍ക്കുന്നതിനുള്ള സാധ്യതാപരമായ വില്‍പനയ്ക്കാണ് യുഎസ് അംഗീകാരം നൽകിയിട്ടുള്ളത്. 53 എഎംആർഎഎഎം മിസൈലുകളും 6 ഗതി നിർണയ ഉപകരണങ്ങളും കണ്ടെയ്നറുകളും ക്ലാസിഫൈഡ് സോഫ്റ്റ് വെയറുകൾ, ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടെയാണ് തുർക്കി അമേരിക്കയിൽ നിന്ന് വാങ്ങുന്നത്. അരിസോണയിലെ ടുക്സോൺ അടിസ്ഥാനമായുള്ള ആർടിഎക്സ് കോർപ്പറേഷനാണ് വിൽപനയുടെ പ്രധാന ഇടപാടുകാരൻ.
നാറ്റോ സഖ്യ രാജ്യങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് സഹായം നൽകുമെന്ന വിദേശ നയപ്രകാരമാണ് വിൽപനയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. യൂറോപ്പിലെ സാമ്പത്തിക, രാഷ്ട്രീയ സ്ഥിരതയ്ക്ക് ഈ സഹായം ഉതകുമെന്ന നിരീക്ഷണത്തിലാണ് അമേരിക്കയുള്ളതെന്നാണ് ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസി പ്രസിദ്ധീകരിച്ച പ്രസ്താവന വിശദമാക്കുന്നത്. ഈ മിസൈൽ വിൽപനയിലൂടെ തുർക്കിക്ക് വായു പ്രതിരോധം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നും പ്രസ്താവന വിശദമാക്കുന്നത്. ഇതുവഴി തുർക്കിയിലുള്ള യുഎസ് ഉദ്യോഗസ്ഥർക്കും സഹായം ലഭ്യമാകുമെന്നും പ്രസ്താവന നിരീക്ഷിക്കുന്നുണ്ട്. എന്നാൽ നിലവിൽ ഇന്ത്യയ്ക്കെതിരായി പാകിസ്ഥാൻ ആക്രമണത്തിന് തുർക്കിയുടെ പിന്തുണ ലഭ്യമായ സാഹചര്യത്തിൽ പുതിയ മിസൈൽ വിൽപനയെ രാജ്യം ആശങ്കയോടെയാണ് കാണുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യാ പാക് സംഘർഷത്തിൽ ഇസ്ലാമബാദിനാണ് പിന്തുണയെന്ന് തുർക്കി വ്യക്തമാക്കിയിരുന്നു. പാക് ആക്രമണത്തിന് തുർക്കി പ്രതിരോധ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചിരുന്നോയെന്ന വിവരം ഇന്ത്യൻ പ്രതിരോധ വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടെയാണ് അമേരിക്കയുടെ സുപ്രധാന മിസൈലുകൾ തുർക്കിക്ക് വിൽക്കുന്നത്.
ഇന്ത്യയുടെ മുൻ തുർക്കി അംബാസിഡറായിരുന്നു സഞ്ജയ് പാണ്ഡെ അങ്കാറയുടെ തന്ത്രപരമായ നീക്കത്തിനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു. പ്രത്യേകിച്ച് ഇസ്ലാമബാദിന് നൽകിയ സൈനിക പിന്തുണയിൽ. നയതന്ത്രപരമായ തുർക്കിയുടെ ഏറ്റവും വലിയ പിഴവാണ് ഈ തീരുമാനമെന്നാണ് സഞ്ജയ് പാണ്ഡെ നിരീക്ഷിക്കുന്നത്. കശ്മീർ വിഷയത്തിൽ തുർക്കി തുടർച്ചയായി പിന്തുണ നൽകുന്നത് പാകിസ്ഥാനാണ്. നിലവിൽ പാകിസ്ഥാനൊപ്പമാണെങ്കിലും തുർക്കി പ്രസിഡന്റ് തയ്യിബ് എർദ്ദോഗന് മറ്റ് ലക്ഷ്യങ്ങളാണ് ഉള്ളതെന്നുമാണ് സഞ്ജയ് പാണ്ഡെ കുറ്റപ്പെടുത്തുന്നത്. ഇസ്ലാമിക രാജ്യങ്ങളുടെ തലപ്പത്ത് എത്താനുള്ള എർദ്ദോഗന്റെ ഗൂഡലക്ഷ്യമാണ് പാക് പിന്തുണയ്ക്ക് പിന്നിലെന്നാണ് സഞ്ജയ് പാണ്ഡെ നിരീക്ഷിക്കുന്നത്.
പാകിസ്ഥാന്റെ സൈനിക ഉപകരണങ്ങൾ നൽകുന്ന രാജ്യമാണ് തുർക്കി എന്നറിഞ്ഞുകൊണ്ടാണ് അമേരിക്ക മിസൈൽ വിൽപനയ്ക്ക് ഒരുങ്ങുന്നതെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ മധ്യസ്ഥൻ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കുന്നതിനിടയിലാണ് അമേരിക്ക ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്നത്. നേരത്തെ ഇന്ത്യ പാക് വെടി നിർത്തലിനായി സുപ്രധാന പങ്ക് വഹിച്ചത് താനാണെന്നായിരുന്നു ട്രംപ് അവകാശവാദം ഉയർത്തിയത്. എന്നാൽ ട്രംപിന്റെ അവകാശവാദത്തെ ഇന്ത്യ തള്ളിയിരുന്നു. തുർക്കിക്ക് അമേരിക്ക വിൽക്കുന്ന മിസൈലുകൾ ഇന്ത്യയ്ക്ക് എതിരെ പ്രയോഗിക്കപ്പെടുമോയെന്നതാണ് ഇന്ത്യയ്ക്ക് വിഷയത്തിൽ ആശങ്കയ്ക്ക് കാരണമാകുന്നത്.


