കപ്പലില്‍ ചരക്ക് നീക്കത്തിനുപയോഗിക്കുന്ന കണ്ടൈനറുകള്‍ കൊണ്ടാണ് യുഎസ്, മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നത്. 


യുഎസ്-മെക്‌സിക്കോ അതിർത്തിയിൽ യുഎസ് പുതിയൊരു മതിലിന്‍റെ പണിത്തിരക്കിലാണ്. മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തടയുന്നതിനാണ് പുതിയ മതിലും നിര്‍മ്മിക്കുന്നത്. ഇത്തവണ പക്ഷേ മതില്‍ കണ്ടൈനര്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നതെന്ന് മാത്രം. അതും കപ്പലില്‍ ചരക്ക് നീക്കത്തിനുപയോഗിക്കുന്ന കണ്ടൈനറുകള്‍ കൊണ്ട്. എന്നാല്‍. അതിര്‍ത്തി സുരക്ഷിതമാക്കാനാണ് കണ്ടെയ്നര്‍ മതില്‍ നിര്‍മ്മാണമെന്നാണ് അരിസോണ ഗവര്‍ണര്‍ ഡഗ് ഡ്യൂസ് പറയുന്നത്. ഈ വര്‍ഷം ആദ്യമാണ് മതില്‍ പണി ആരംഭിച്ചതെങ്കിലും ഇപ്പോഴാണ് വിവാദമായത്. 

പുതിയ മതില്‍ നിര്‍മ്മാണത്തിലൂടെ പ്രദേശിക വനവിഭാഗങ്ങളുടെയും ഫെഡറല്‍ ഭൂമിയും വേര്‍തിരിക്കപ്പെടുന്നു എന്നാണ് പ്രധാന ആരോപണം. എന്നാല്‍, ഡഗ് ഡ്യൂസ് ഗവര്‍ണര്‍ പദവി ഒഴിയാന്‍ ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ കൊണ്ട് പിടിച്ചുള്ള മതില്‍ നിര്‍മ്മാണത്തിലാണ്. മതിലിന്‍റെ പണി മുഴുവനും കണ്ടെയ്നര്‍ ഉപയോഗിച്ചാണ്. അരിസോണയിലെ അടുത്ത ഗവര്‍ണറായ കാറ്റി ഹോബ്സ് കണ്ടെയ്നര്‍ മതിലുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ കണ്ടെയ്നര്‍ നിര്‍മ്മിതി തദ്ദേശീയ ജീവജാലങ്ങൾക്കും പ്രകൃതിദത്ത ജലസംവിധാനങ്ങൾക്കും തടസ്സം സൃഷ്ടിക്കുമെന്ന് ആരോപിച്ച് പരിസ്ഥിതി ഗ്രൂപ്പുകള്‍ ദിവസങ്ങളോളം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നിര്‍മ്മാണം മന്ദഗതിയിലായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇതിനിടെ അരിസോണയിലെ സാന്താക്രൂസ് കൗണ്ടി ഷെരീഫ് ഡേവിഡ് ഹാത്ത്‌വേ, തന്‍റെ അധികാര പരിധിയില്‍ കണ്ടെയ്നര്‍ തൊഴിലാളികളെത്തിയാല്‍ നിര്‍മ്മാണം തടയുമെന്നും തൊഴിലാളികളെ അറസ്റ്റ് ചെയ്യുമെന്നും പ്രഖ്യാപിച്ച് കഴിഞ്ഞു. കണ്ടെയ്നര്‍ മതില്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശം പൂര്‍ണ്ണമായും ഫെഡറല്‍ ഭൂമിയും ദേശീയ വനമേഖലയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാനത്തിന്‍റെയോ സ്വകാര്യ വ്യക്തിയുടെയോ ഭൂമിയല്ല. നിയമ വിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, കൊച്ചിസ് കൗണ്ടി ഷെരീഫ് മതില്‍ നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്നു. മതില്‍ കുറ്റകൃത്യങ്ങളെ തടയുമെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനിടെ മതിലിന്‍റെ നിര്‍മ്മാണം നിയമവിരുദ്ധമാണെന്നും പദ്ധതി നിര്‍ത്തിവയ്ക്കണമെന്നും ഫെഡറല്‍ ഏജന്‍സികള്‍ സംസ്ഥാന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ തടയാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്നായിരുന്നു ഗവര്‍ണര്‍ ഡ്യൂസി നല്‍കിയ മറുപടി. മയക്ക് മരുന്ന് കടത്തും കുറ്റകൃത്യങ്ങളും മാനുഷിക പ്രശ്നങ്ങളും അവസാനിപ്പാക്കന്‍ മതില്‍ നിര്‍മ്മാണത്തിലൂടെ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. 

അടുത്ത ഗവര്‍ണറായി അധികാരമേല്‍ക്കാനിരിക്കുന്ന കാറ്റി ഹോബ്സ്, നേരത്തെ കണ്ടെയ്നറുകള്‍ ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മാണത്തിന് നല്‍കണമെന്ന് വാദിച്ചിരുന്നെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ജനുവരി 5 നാണ് കാറ്റി ഹോബ്സ്, അരിസോണ ഗവര്‍ണറായി ചുമതലയേറ്റെടുക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ, മൊത്തം 23 ലക്ഷത്തിലേറെ കുടിയേറ്റക്കാരെ യുഎസ് അതിർത്തിയിൽ തടഞ്ഞിരുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 37% വർദ്ധനവാണെന്നും കണക്കുകള്‍ പറയുന്നു. ബൈഡന്‍ ഭരണകൂടം അതിര്‍ത്തി കടക്കുന്ന അഭയാര്‍ത്ഥികളെ തടയുന്നതില്‍ പരാജയപ്പെട്ടെന്ന രൂക്ഷമായ ആരോപണവും ഇതിനിടെ ഉയര്‍ന്നു കഴിഞ്ഞു.