നേപ്പാളിന് രക്ഷാപ്രവർത്തനത്തിനായി വിദേശ രാജ്യങ്ങൾ നൽകിയ സഹായ വാഗ്ദാനങ്ങൾ നിരസിച്ചു ഭരണകൂടം. സാഹചര്യം നേരിടാനായി രാജ്യത്തിൻ്റെ സുരക്ഷാ ഏജൻസികൾ പര്യാപ്തമെന്ന് സർക്കാർ. ഏകോപന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് തീരുമാനം.

കാഠ്മണ്ഡു: മിന്നൽ പ്രളയം വ്യാപക നാശം വിതച്ച നേപ്പാളിൽ മരണസംഖ്യ 500നോട് അടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനായി വിദേശ രാജ്യങ്ങൾ നൽകിയ സഹായ വാഗ്ദാനങ്ങൾ നിരസിച്ച് നേപ്പാൾ ഭരണകൂടം. സാഹചര്യം നേരിടാനായി രാജ്യത്തിൻ്റെ സുരക്ഷാ ഏജൻസികൾ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേപ്പാൾ ഭരണകൂടത്തിൻ്റെ തീരുമാനം. രാജ്യത്ത് മുമ്പുണ്ടായ ദുരന്തങ്ങളിൽ വിദേശ രാജ്യങ്ങളിൽനിന്ന് ആവശ്യത്തിൽ കൂടുതൽ രക്ഷാപ്രവർത്തക സംഘങ്ങൾ എത്തിയതിനെ തുടർന്ന് ഏകോപന ബുദ്ധിമുട്ടുകൾ ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. പുനരധിവാസ, പുനർനിർമാണ ഘട്ടങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര പിന്തുണ തേടാനാണ് ഭരണകൂടത്തിൻ്റെ തീരുമാനം.

നേപ്പാളിലേക്ക് രക്ഷാപ്രവർത്തക സംഘത്തെ അയയ്ക്കാൻ സന്നദ്ധത അറിയിച്ച് വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നാണ് ദ കാഠ്മണ്ഡു പോസ്റ്റിൻ്റെ റിപ്പോർട്ട്. എന്നാൽ നേപ്പാളിലെ സുരക്ഷാ ഏജൻസികൾ തന്നെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനാണ് സർക്കാരിൻ്റെ തീരുമാനമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ചൈന അടക്കമുള്ള വിദേശരാജ്യങ്ങളിൽ സഹായ വാഗ്ദാനം ലഭിച്ചതായും എന്നാൽ വാഗ്ദാനങ്ങളെല്ലാം നിരസിക്കേണ്ടിവന്നുവെന്നും വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഉദ്യോഗസ്ഥൻ അറിയിച്ചതായി ദ കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തന സഹായം ആവശ്യമില്ലെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സും റിപ്പോർട്ട് ചെയ്തു. 2015ലെ ഭൂകമ്പത്തിന് ശേഷമുള്ള നേപ്പാളിന്റെ അനുഭവത്തെക്കൂടി അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. അന്ന് നിരവധി വിദേശ രക്ഷാപ്രവർത്തക സംഘങ്ങൾ എത്തിയത് ഏകോപന ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 472 ആയി. 1545 പേരെ രക്ഷപ്പെടുത്തി. ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾക്കായി 4348 ഉദ്യോഗസ്ഥരെ ആണ് നേപ്പാൾ പൊലീസ് വിന്യസിച്ചിരിക്കുന്നത്.