വാഷിംഗ്ടൺ: അമേരിക്കയിലെ ഔദ്യോ​ഗിക ഏജൻ‌സികൾ സൈബർ ആക്രമണം തുടരുന്നതിനിടെ അമേരിക്കൻ ഊർജ്ജ വകുപ്പും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കയിലെ ആണവായുധങ്ങളെ നിയന്ത്രിക്കുന്നത് ഈ വിഭാ​ഗമാണ്. മലീഷ്യസ് സോഫ്റ്റ്‍വെയറുകൾ കണ്ടെത്തിയതായി ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റും വ്യക്തമാക്കിയിരുന്നു. റഷ്യൻ സർക്കാരാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന് സംസയിച്ച് നിരവധി പേർ രം​​ഗത്തെത്തിയെങ്കിലും ആരോപണം നിഷേധിച്ചു. 

ട്രെഷറി, കൊമേഴ്സ് വിഭാ​ഗം എന്നിവയും സൈബർ ആക്രമണം നേരിട്ടിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെയും സൈബർ ആക്രമണത്തോട് പ്രതികരിച്ചിട്ടില്ല. എന്നാൽ തന്റെ ഭരണത്തിൽ സൈബർ സുരക്ഷയ്ക്ക് മുൻ​ഗണന നൽകുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 

സോഫ്റ്റ്‍വെയർ നിർമ്മാതാക്കളായ സോളര്‍വിന്‍ഡ്‌സ് ഓറിയോണ്‍ ഐടി ഉൽപന്നങ്ങള്‍ ഉപയോഗിക്കുന്നത് ഉടൻ നിര്‍ത്തണമെന്ന് എല്ലാ വകുപ്പുകളോടും സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി (സിഐഎസ്എ) ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ചിനും ജൂണിനുമിടയില്‍ പുറത്തുവിട്ട ചില സോഫ്റ്റ്‌വെയറുകള്‍ ഹാക്കര്‍മാര്‍ ദുരുപയോഗപ്പെടുത്തിയെന്ന് സോളര്‍വിന്‍ഡ്‌സ് നേരത്തേ സമ്മതിച്ചിരുന്നു.