വാഷിംങ്ടണ്‍: ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളിലും കരുതൽ തടങ്കലിലും ആശങ്കയുണ്ടെന്ന് അമേരിക്ക. ഇന്ത്യയുടെ നിലപാട് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. തീരുമാനം വലിയ പ്രത്യാഘാതങ്ങൾക്കും മേഖലയിലെ അസ്ഥിരതയ്ക്കും ഇടയാക്കുമെന്നതിനാൽ, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കും മുന്‍പ് അമേരിക്കയോട് ഇന്ത്യ കൂടിയാലോചിച്ചുവെന്ന റിപ്പോര്‍ട്ടും അമേരിക്ക തള്ളിയിയിരുന്നു

വ്യക്തി സ്വാതന്ത്ര്യം മാനിക്കണമെന്നും നിയമാനുസൃത ചര്‍ച്ചകൾ നടത്തണമെന്നും യുഎസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യൻ ഹൈക്കമ്മീഷണറെ പാകിസ്ഥാൻ പുറത്താക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു അമേരിക്കയുടെ പ്രതികരണം. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങൾക്കെതിരെ ഉറച്ച തീരുമാനമെടുക്കണം.

ഇന്ത്യ, പാക് തമ്മിലെ ചര്‍ച്ചകളെ പിന്തുണയ്ക്കുന്നത് തുടരും. അതിനിടെ, ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ഇന്ത്യ അറിയിച്ചിരുന്നില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

അതേ സമയം ഐക്യരാഷ്ട്ര മനുഷ്യവകാശ കൗൺസിൽ ഇന്നലെ വാർത്താവിനിമയ സംവിധാനം വിച്ഛേദിച്ചതിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയേയും പാകിസ്ഥാൻ സമീപിക്കും. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ കഴിഞ്ഞ ദിവസം ഇന്ത്യ തീരുമാനം അറിയിച്ചിരുന്നു.