അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാൻ തയ്യാറെടുക്കുന്നു. ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ ജനങ്ങളോട് പാർലമെന്റ് സ്പീക്കർ ആഹ്വാനം ചെയ്തപ്പോൾ, ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി

ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടാൻ തയാറെടുത്ത് ഇറാൻ. ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ തയാറെടുക്കണമെന്ന് രാജ്യത്തോട് ഇറാൻ പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് ആഹ്വാനം ചെയ്തു. ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് ഇറാൻ പ്രസിഡണ്ടും, കടന്നാക്രമണത്തിന് ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാൻ ആക്ടിങ് പ്രതിരോധ മന്ത്രിയും പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടുക എളുപ്പമാകില്ലെന്ന് ഇറാന് തികഞ്ഞ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ ഒരുങ്ങണമെന്ന് പാർലമന്റ് സ്പീക്കർ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഭീഷണികൾക്ക് മുന്നിൽ ഇറാൻ തലകുനിക്കില്ല

ചർച്ചകളിലൂടെ വലിയ പുരോഗതി നേടിയിരുന്നുവെന്നും ഇറാനു മേൽക്കൈ ഉള്ളപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ ഉചിതമായ സമയമായിരുന്നുവെന്നും ഇറാൻ പ്രസിഡണ്ട് പറഞ്ഞത് ശ്രദ്ധേയമായി. ഇറാൻ പ്രസിഡണ്ടിന്റെ വ്യക്തിഗത ഗാരണ്ടിയിൽ ഒപ്പിട്ട കരാറാണ് ഹോർമൂസിൽ കപ്പലുകളാക്രമിക്കപ്പെട്ടതിന് പിന്നാലെ പൊളിഞ്ഞത്. ചർച്ചകളുടെയും സമവായത്തിന്റെയും വഴി തേടുന്നയാളാണ് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. സാമ്പത്തിക യുദ്ധത്തിനെതിരെ ഇറാന്റെ കടന്നാക്രമണം ഉണ്ടായേക്കുമെന്ന ആശങ്കകൾ സജീവമാണ്. ഇറാൻ ആക്രമണം തുടങ്ങിവെക്കില്ലെന്നും, ഇറാനെ ആക്രമിച്ചാൽ തിരിച്ചടിക്കും എന്നുമാണ് ഇറാൻ പ്രതിരോധ ചുമതലയുള്ള മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.