വാഷിം​ഗ്ടൺ: അമേരിക്കയിൽ തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ. അമ്പതു സംസ്ഥാനങ്ങളിൽ 43 ഇടത്തെയും ഫലങ്ങൾ പുറത്തുവന്നപ്പോൾ ജയിക്കാനാവശ്യമായ 270 ഇലക്ട്രൽ വോട്ടുകൾ നേടാൻ ഇരു സ്ഥാനാർത്ഥികൾക്കുമായില്ല. ഫലം വരാനുള്ള മിക്ക സംസ്ഥാനങ്ങളിലും ലീഡുള്ള പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് 213 ഇലക്ടറൽ വോട്ടു ഉറപ്പായപ്പോൾ തന്നെ വിജയാഘോഷത്തിന് അണികൾക്ക് ആഹ്വനം നൽകി. 238 ഇലക്ടറൽ വോട്ടു നേടിയ ജോ ബൈഡനും ജയം അവകാശപ്പെട്ടതോടെ തെരഞ്ഞെടുപ്പ് ഫലം തർക്കവിഷയമായി. വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 

സർവ്വേഫലങ്ങളെ മറികടന്നുള്ള മുന്നേറ്റമാണ് ഡൊണാൾഡ് ട്രംപിന് ഉണ്ടായിരിക്കുന്നത്. റിപബ്ലിക്കൻ കോട്ടകൾ എല്ലാം ട്രംപ് നിലനിർത്തി. ടെക്സസും ഫ്ലോറിഡയും ഒഹായോയും ട്രംപ് നിലനിർത്തി. ഫലം വരാനുള്ള ഏഴ് സംസ്ഥാനങ്ങളിൽ അഞ്ചിടത്തും ട്രംപിന് നിലവില്‌‍‍ മേൽക്കൈ ഉണ്ട്. ട്രംപിന്റെ ജനപ്രീതിക്ക് കുറവ് വന്നിട്ടില്ലെന്നാണ് ഇതുവരെയുള്ള ഫലസൂചനകൾ വ്യക്തമാക്കുന്നത്. 

പെൻസിൽവേനിയയിലും മിഷി​ഗണിലും ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അന്തിമഫലം ഇന്ന് പുറത്തുവരാൻ‌ സാധ്യതയില്ലാത്തത്. തപാല്‍വോട്ടുകള്‍ എണ്ണാന്‍ വൈകുന്നതിനാല്‍ പെന്‍സില്‍വേനിയയിലും മിഷിഗണിലും വെളളിയാഴ്ച  മാത്രമേ അന്തിമഫലം വരൂ എന്നാണ് നിലവില്‍ അധികൃതര്‍ പറയുന്നത്. അതിനിടെയാണ് വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. വോട്ടെണ്ണൽ തുടരുന്നത് ക്രമക്കേട് നടത്താനെന്നാണ് ട്രംപിന്റെ വാദം.