Asianet News MalayalamAsianet News Malayalam

യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ ഘട്ടത്തിലേക്ക്; ട്രംപിന് പിന്തുണ കുറയുന്നു

ട്രംപിന്റെ കൊവിഡ് പ്രതിരോധത്തിലെ പാളിച്ചയാണ് ബൈഡന്റെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പ്രധാന ആയുധം. കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് പൂര്‍ണപരാജയമാണെന്ന് ആവര്‍ത്തിക്കുകയാണ് ബൈഡന്‍.
 

US election: trump loses his support
Author
Washington D.C., First Published Oct 17, 2020, 1:09 PM IST

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ ഘട്ടത്തിലേക്ക്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുതിര്‍ന്ന പൗരന്‍മാരുടെയും സ്ത്രീകളുടെയും പിന്തുണ കുറയുന്നു എന്ന് സര്‍വേകള്‍ വ്യക്തമാക്കി. ടൗണ്‍ഹാള്‍ സംവാദ റേറ്റിംഗില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് മുന്നില്‍. ഇതിന് മറുപടിയായി പിന്തുണ വര്‍ധിപ്പിക്കാന്‍ ദിവസേന മൂന്ന് റാലികള്‍ നടത്താനൊരുങ്ങുകയാണ് ട്രംപ്. കൊവിഡില്‍ നിന്ന് മുക്തനായതിന് ശേഷം, വിശ്രമമില്ലാത്ത പ്രചാരണതിരക്കിലാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഭിപ്രായ സര്‍വ്വേകളില്‍ പിന്നിലായതിനാല്‍ വരും ദിവസങ്ങള്‍ ട്രംപിന് നിര്‍ണായകമാകും.

ട്രംപിന്റെ കൊവിഡ് പ്രതിരോധത്തിലെ പാളിച്ചയാണ് ബൈഡന്റെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പ്രധാന ആയുധം. കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് പൂര്‍ണപരാജയമാണെന്ന് ആവര്‍ത്തിക്കുകയാണ് ബൈഡന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കരുത്തായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രചാരണത്തിനിറങ്ങുമെന്ന വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍, ഒബാമയെ പരിഹസിച്ച് ട്രംപ് രംഗത്തെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹിലരിക്കായി ഒബാമ രംഗത്തിറങ്ങിയിട്ട് എന്ത് സംഭവിച്ചെന്ന് ട്രംപ് ചോദിച്ചു. 

23 ദശലക്ഷം ആളുകള്‍ നിലവില്‍ വോട്ട് ചെയ്ത് കഴിഞ്ഞു. നിലവില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തന്റെ പ്രചാരണം പുനരാരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാഹാരിസും വ്യക്തമാക്കി. കൊവിഡ് വലിയ സ്വാധീനം തെരഞ്ഞെടുപ്പില്‍ ചെലുത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാക്‌സിന്‍ ഇല്ലാതെ തന്നെ കൊവിഡ് അവസാനിക്കുമെന്ന് ഫ്‌ലോറിഡ റാലിയില്‍ ട്രംപ് പറഞ്ഞിരുന്നു.

റിപ്പബ്ലിക്കന്‍ തരംഗമുണ്ടാകുമെന്നാണ് ട്രംപിന്റെ അവകാശ വാദം. തന്റെ റാലികള്‍ക്കായി വലിയ ജനക്കൂട്ടമാണ് വരുന്നതെന്നും വരാന്‍ പോകുന്ന തരംഗത്തിന്റെ മുന്നോടിയാണിതെന്നുമാണ് ട്രംപിന്റെ പ്രതീക്ഷ. അതേസമയം, വിജയസാധ്യത ബൈഡനാണെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ്.
 

Follow Us:
Download App:
  • android
  • ios