Asianet News MalayalamAsianet News Malayalam

അമേരിക്കയുടെ എഫ്-35 യുദ്ധവിമാനം അപ്രത്യക്ഷമായി, കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോട് സൈന്യം!

അടിയന്തര സാഹചര്യത്തെതുടര്‍ന്ന് പൈലറ്റ് വിമാനത്തില്‍നിന്ന് ഇജക്ട് ചെയ്ത് പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം

US F-35 Fighter Jet Goes Missing After Mid-Flight Emergency
Author
First Published Sep 18, 2023, 3:13 PM IST

കൊളംബിയ: അമേരിക്കയുടെ യുദ്ധവിമാനം കാണാതായി. അടിയന്തര സാഹചര്യത്തെതുടര്‍ന്ന് പൈലറ്റ് വിമാനത്തില്‍നിന്ന് ഇജക്ട് ചെയ്ത് പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം. പൈലറ്റ് ഇജക്ട് ചെയ്തശേഷം ഇടിച്ചിറങ്ങേണ്ടിയിരുന്ന വിമാനം കാണാതാവുകയായിരുന്നു. അമേരിക്കന്‍ നാവികസേനയുടെ ഭാഗമായ എഫ്-35 ലൈറ്റനിങ് -രണ്ട് ഫൈറ്റര്‍ ജെറ്റാണ് ഞായറാഴ്ച ഉച്ചക്കുശഷം സൗത്ത് കരോലിനയിലെ നോര്‍ത്ത് ചാള്‍സ്റ്റണിന് സമീപത്തുവെച്ച് കാണാതായത്. 

ഏറെ വിലമതിക്കുന്ന അതീവപ്രധാന്യമേറിയ എഫ്-35 യുദ്ധവിമാനം കണ്ടെത്താന്‍ യു.എസ് സൈന്യം പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. യുദ്ധവിമാനം പറത്തുന്നതിനിടെ എന്തുകൊണ്ടാണ് പൈലറ്റ് ഇജക്ട് ചെയ്ത് പാരച്യൂട്ടില്‍ രക്ഷപ്പെട്ടതെന്നത് വ്യക്തമല്ല. അടിയന്തര സാഹചര്യത്തില്‍ മാത്രമാണ് ഇത്തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കാറുള്ളത്. വിമാനം അടിയന്തരമായി ഇറക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിനുശേഷം യു.എസ് സൈന്യത്തിന്‍റെ അടിയന്തര പ്രതികരണ വിഭാഗം യുദ്ധവിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സമീപത്തെ തടാകത്തില്‍ ഉള്‍പ്പെടെ മുങ്ങിപോയോ എന്നകാര്യം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. സമീപത്തെ രണ്ടു തടാകങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. 

എഫ്-35 യുദ്ധവിമാനത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബേസ് ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്‍ററിലേക്ക് വിളിക്കണമെന്ന് യു.എസ് സൈന്യം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. 
അതേസമയം, ഇത്രയും അത്യാധുനികമായ ട്രാക്കിങ് സംവിധാനത്തോടുകൂടിയുള്ള യുദ്ധവിമാനം എങ്ങനെയാണ് കാണാതാവുകയെന്ന സംശയമാണ് സാമൂഹിക മാധ്യമങ്ങളില്‍ പലരും പങ്കുവെക്കുന്നത്. ഇത്രയും ആധുനിക സംവിധാനങ്ങളുള്ള വിമാനം സൈന്യത്തിന് കണ്ടെത്താനായില്ലെങ്കില്‍ പൊതുജനങ്ങള്‍ എങ്ങനെ കണ്ടെത്താനാണെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.  ലോകത്തെ തന്നെ ഏറ്റവും ശക്തമായ യുദ്ധവിമാനാണ് അമേരിക്കയുടെ എഫ്-35. വിമാനം എത്രയും വേഗം കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് സൈന്യം. യുദ്ധവിമാനം കാണാതായതുമായി ബന്ധപ്പെട്ട് ട്രോളുകളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios