ചൈനയെ തുരത്തണം, അദാനിക്ക് 4250 കോടി രൂപയുടെ സഹായവുമായി അമേരിക്ക; കൊളംബോ തുറമുഖത്തിന്റെ മുഖം മാറും
ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഡിഎഫ്സി) മുഖേനയാണ് ഫണ്ട് ലഭ്യമാക്കുക. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ശ്രീലങ്ക ചൈനയിൽ നിന്ന് വലിയ തോതിൽ സാമ്പത്തിക സഹായം തേടിയിരുന്നു.

ദില്ലി: ശ്രീലങ്കയിലെ തുറമുഖ വികസനത്തിന് ഇന്ത്യൻ കോടീശ്വരൻ ഗൗതം അദാനിക്ക് സാമ്പത്തിക സഹായവുമായി അമേരിക്ക. ലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ അദാനി പോർട്ട് നിർമിക്കുന്ന പോർട്ട് ടെർമിനൽ നിർമാണത്തിനാണ് 553 ദശലക്ഷം ഡോളർ (4250 കോടി രൂപ) സഹായം നൽകുന്നത്. ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം തടയുക എന്നത് ലക്ഷ്യമിട്ടാണ് ഇത്രയും തുക തുറമുഖ വികസനത്തിന് അമേരിക്ക നൽകുന്നത്.
ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഡിഎഫ്സി) മുഖേനയാണ് ഫണ്ട് ലഭ്യമാക്കുക. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ശ്രീലങ്ക ചൈനയിൽ നിന്ന് വലിയ തോതിൽ സാമ്പത്തിക സഹായം തേടിയിരുന്നു. അതുകൊണ്ടു തന്നെ ശ്രീലങ്കക്കുമേൽ ചൈനക്കുണ്ടാകുന്ന സാമ്പത്തിക മേധാവിത്തം തടയാനാണ് തുറമുഖ വികസനത്തിന് അമേരിക്ക സഹായം നൽകുന്നത്.
ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷവും അമേരിക്ക സാമ്പത്തിക സഹായം നൽകുന്നത് അദാനിക്ക് ഗുണകരമാകും. കൊളംബോയിലെ ഡീപ്‌വാട്ടർ വെസ്റ്റ് കണ്ടെയ്‌നർ ടെർമിനൽ യുഎസ് സർക്കാർ ഏജൻസിയുടെ ഏഷ്യയിലെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപമാകും. പദ്ധതി ശ്രീലങ്കയുടെ സാമ്പത്തിക വളർച്ചയ്ക്കും ഇരു രാജ്യങ്ങളുടെ ബന്ധത്തിനും ഇന്ത്യയുൾപ്പെടെന്നു മേഖലയിലെ സാമ്പത്തിക ഏകീകരണത്തിനും കാരണമാകുമെന്ന് ഡിഎഫ്‌സി പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ ലോക സാമ്പത്തിക വികസനത്തിനായി ഡിഎഫ്സിയുടെ 2023ലെ നിക്ഷേപം 9.3 ബില്ല്യൺ ഡോളറായി ഉയർന്നു. കൊളംബോ തുറമുഖ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള തീരുമാനം ഇന്തോ-പസിഫിക് മേഖലക്ക് അമേരിക്ക എത്രത്തോളം പ്രാധാന്യം നൽകുന്നുവെന്നതിന്റെ തെളിവാണെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
220 കോടി ഡോളറാണ് ശ്രീലങ്കയിൽ ചൈനയുടെ നിക്ഷേപം. ലങ്കയിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തിയ രാജ്യവും ചൈനയാണ്. ഹമ്പൻതോട്ട തുറമുഖം ചൈനയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ചൈനയുടെ തന്ത്രമാണെന്നും യുഎസ് വ്യക്തമക്കി. സ്പോൺസർമാരായ ജോൺ കീൽസ് ഹോൾഡിംഗ്സ് പിഎൽസി, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് എന്നിവയുമായി ചേർന്ന് ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുമെന്ന് ഡിഎഫ്സി അറിയിച്ചു.
Read More.... മുകേഷ് അംബാനി ഭാര്യക്ക് നൽകിയ ദീപാവലി സമ്മാനം; കണ്ണുതള്ളി വ്യവസായ ലോകം
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നാണ് കൊളംബോ. കണ്ടെയ്നർ കപ്പലുകളിൽ പകുതിയോളം കൊളംബോയിലൂടെയാണ് കടന്നുപോകുന്നത്. ഡിഎഫ്സിയുടെ സാമ്പത്തിക സഹായം വിദേശകടമില്ലാതെ തന്നെ ശ്രീലങ്കക്ക് അഭിവൃദ്ധിക്കുള്ള കാരണമാകാമെന്ന് ഡിഎഫ്സി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്കോട്ട് നഥാൻ പറഞ്ഞു.