അമേരിക്കയും ഇസ്രായേലും ഉടൻ യുദ്ധം നിർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇറാൻ അയൽരാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ്

ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഉടൻ യുദ്ധം നിർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇറാൻ അയൽരാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇറാൻ തടസ്സപ്പെടുത്തുന്നത് ലോകമെമ്പാടും വില വർദ്ധനവ് ഉണ്ടാക്കുമെന്നും യുഎൻ മുന്നറിയിപ്പ് നൽകി.

സംഘർഷങ്ങൾ അവസാനിക്കാൻ നയതന്ത്രം മാത്രമാണ് വഴി. യുദ്ധം തുടരുകയാണെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. മിഡിൽ ഈസ്റ്റ് കൂടുതൽ വ്യാപകമായ യുദ്ധത്തിന്റെ വക്കിലാണ്. ആഗോള തലത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ടെന്നും യുഎൻ മേധാവി മുന്നറിയിപ്പ് നൽകി.

അതിനിടെ, ഹോർമുസിൽ പിടിമുറുക്കി പുതിയ നടപടിക്കൊരുങ്ങുകയാണ് ഇറാൻ. കപ്പലുകൾക്ക് കടന്നു പോകാൻ പുതിയ പ്രോട്ടോകോൾ ഇറക്കിയിരിക്കുകയാണ് ഇറാൻ എന്നാണ് റിപ്പോർട്ട്. പടക്കപ്പലുകൾക്കും വ്യാപാര കപ്പലുകൾക്കും പ്രത്യേക മാർഗ നിർദേശം നൽകി. ഈ നിർദേശം ഇറാൻ പാർലമെന്റും സർക്കാരും അംഗീകരിച്ചു കഴിഞ്ഞു. ഹോർമൂസിന് മേൽ അധികാരം പ്രഖ്യാപിക്കുന്ന തരത്തിലാണ് ഇറാൻ്റെ നീക്കമെന്നാണ് വിവരം. അതിനിടെ, ഹോർമുസ് കടലിടുക്കിലെ ചരക്കു നീക്കം നിലച്ചതിൽ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ രം​ഗത്തെത്തി. യുകെ വിദേശകാര്യ സെക്രട്ടറി വിളിച്ച യോഗത്തിൽ ഇന്ത്യ പങ്കെടുത്തിരുന്നു. ഈ യോ​ഗത്തിലാണ് ഇന്ത്യ ആശങ്ക അറിയിച്ചത്. നയതന്ത്ര നീക്കത്തിലൂടെ സമാധാനം പുനസ്ഥാപിക്കണമെന്നും ഇന്ത്യയുടെ നാവികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൂണ്ടിക്കാട്ടി.

അതേസമയം, ഹോർമൂസ് കടലിടുക്ക് തുറക്കാൻ യുകെയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത 35 രാജ്യങ്ങളുടെ യോഗം പൂർത്തിയായി. ബാബ് അൽ മന്ദബും യോഗത്തിൽ ചർച്ചയായി. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഏപ്രിൽ മാസത്തിലെ സ്കൂൾ ബസ് ഫീസ് ഒഴിവാക്കി യുഎഇയിലെ കൂടുതൽ സ്കൂളുകൾ രംഗത്തെത്തിയിട്ടുണ്ട്. പേസ് ഗ്രൂപ്പും തീരുമാനം രക്ഷിതാക്കളെ അറിയിച്ചു. 

YouTube video player