പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഒന്നിച്ചെടുത്ത സെൽഫി അമേരിക്കയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. ട്രംപിന്റെ തെറ്റായ നയങ്ങളാണ് ഇന്ത്യയെ റഷ്യയുമായി അടുപ്പിച്ചതെന്ന് യുഎസ് കോൺഗ്രസ് പ്രതിനിധി.

ദില്ലി: ഇന്ത്യയും റഷ്യയും കൂടുതൽ അടുക്കുന്നതിൽ ട്രംപിനെ രൂക്ഷമായി വിമർശിച്ച് യുഎസ് കോൺഗ്രസ് പ്രതിനിധിയും ഡെമോക്രാറ്റ് നേതാവുമായ സിഡ്നി കാംലഗർ-ഡവ്. യുഎസിൽ വൻ ചർച്ചയായിരിക്കുകയാണ് ഇന്ത്യൻ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചേർന്ന് കാറിൽ ഇരുന്നെടുത്ത സെൽഫി. വെറുമൊരു സെൽഫിയല്ലെന്നും ആയിരം വാക്കുകൾ സംസാരിക്കുന്ന ചിത്രമാണെന്നും ഇതിന് കാരണം ഇന്ത്യയ്ക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച തലതിരിഞ്ഞ നയങ്ങളാണെന്നും സിഡ്നി കാംലഗർ-ഡവ് തുറന്നടിച്ചു. 

ഇന്ത്യയുമായുള്ള ബന്ധം ട്രംപ് ഭരണകൂടം നശിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ച വലിയ താരിഫും കടുത്ത വിസ ചട്ടങ്ങളും അവരെ അമേരിക്കയിൽ നിന്നകറ്റി. ഇപ്പോൾ ഇരു രാജ്യങ്ങൾക്കുമിടയിലെ വിശ്വാസം നഷ്ടപ്പെട്ടു. നമ്മുടെ മിത്രങ്ങളെ എതിർപക്ഷത്തുള്ളവരുമായി അടുപ്പിച്ചാൽ ട്രംപിന് നൊബേൽ സമ്മാനം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി നഷ്ടപ്പെട്ട ബന്ധവും വിശ്വാസവും തിരിച്ചുപിടിക്കാൻ നടപടി വേണം. ഇന്ത്യയും റഷ്യയും കൂടുതൽ അടുക്കുന്നത് അമേരിക്കയ്ക്ക് ദോഷമാണെന്നും അമേരിക്കയ്ക്ക് ഒരു തന്ത്രപ്രധാന പങ്കാളിയെയാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

Scroll to load tweet…

ബൈഡന്റെ കാലത്ത് ഇരുരാജ്യങ്ങളും തമ്മിലെ ഊഷ്മളവും മികച്ചതുമായിരുന്നു. ട്രംപ് വന്നതിന് ശേഷം ബന്ധം മോശമായി. ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ, എച്ച്1-ബി വിസക്കുള്ള വൻ ഫീസ് തുടങ്ങിയവ മോദിയും ട്രംപും തമ്മിൽ ഒരുമിച്ചിരിക്കാനുള്ള സാധ്യത പോലും ഇല്ലാതാക്കി. റഷ്യയുമായി ചങ്ങാത്തമുള്ള രാജ്യങ്ങളെ വിലക്കുന്ന ട്രംപ്, മറുവാതിലിലൂടെ പുട്ടിനുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.