'റഷ്യൻ എണ്ണ വാങ്ങിയതിന് ഞങ്ങൾ ഇന്ത്യക്ക് 25% താരിഫ് ചുമത്തി. ഇതോടെ ഇന്ത്യൻ സംസ്‌കരണ ശാലകളുടെ റഷ്യൻ എണ്ണ വാങ്ങലിൽ ഇടിവുണ്ടായി. അത് ഒരു വിജയമാണ്' ബെസെന്റ് അഭിമുഖത്തിൽ പറഞ്ഞു.

വാഷിങ്ടൺ: ഇന്ത്യക്കുമേൽ ട്രംപ് ഭരണകൂടം ചുമത്തിയ 50 ശതമാനം തീരുവ പകുതിയായി കുറയ്ക്കാൻ സാധ്യത. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള 'പിഴ'യായി ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിച്ച 25% തീരുവ യുഎസ് എടുത്തുകളയുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് സ്‌കോട്ട് ബെസെന്റ് തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചന നൽകി. റഷ്യൻ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം തീരുവ ഇരട്ടിയാക്കിയത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യൻ കമ്പനികകൾ ഗണ്യമായി കുറച്ചുവെന്ന് മനസിലാക്കുന്നുവെന്നും അത് ഒരു വിജയമാമെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അവകാശപ്പെട്ടത്.

'റഷ്യൻ എണ്ണ വാങ്ങിയതിന് ഞങ്ങൾ ഇന്ത്യക്ക് 25% താരിഫ് ചുമത്തി. ഇതോടെ ഇന്ത്യൻ സംസ്‌കരണ ശാലകളുടെ റഷ്യൻ എണ്ണ വാങ്ങലിൽ ഇടിവുണ്ടായി. അത് ഒരു വിജയമാണ്' ബെസെന്റ് അഭിമുഖത്തിൽ പറഞ്ഞു. തീരുവകൾ ഇപ്പോഴും നിലവിലുണ്ടെങ്കിലും, അവ നീക്കം ചെയ്യാൻ അമേരിക്കൻ ഭരണകൂടം തയ്യാറായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് മൊത്തം 50% ഇറക്കുമതി തീരുവയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനപ്രകാരം ഇപ്പോൾ ചുമത്തുന്നത്. ഇതിൽ നിന്ന് 25% ഒഴിവാക്കുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും.

അതേസമയം റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് കുറച്ചെന്ന അമേരിക്കൻ വാദത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇന്ത്യ ഔദ്യോഗികമായി ഈ നിലപാടുകൾ സ്ഥിരീകരിച്ചിട്ടില്ല. 2025 ഒക്ടോബറിൽ റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം നിർത്തുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പ് നൽകിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇത് തള്ളിയിരുന്നു. യുഎസിൽ നിന്ന് ഇന്ത്യയിലെത്തുന്ന പരിപ്പ് ഉൾപ്പെട ഏതാനും കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യ 30% ഇറക്കുമതി തീരുവ ചുമത്തി തിരിച്ചടിച്ച റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയ്ക്കുമേലുള്ള തീരുവഭാരം കുറയ്ക്കാനുള്ള നീക്കത്തിലേക്ക് യുഎസും കടക്കുന്നതെന്നാണ് സൂചന.