യു.എസ്. സൈനിക ശക്തി പ്രദർശിപ്പിച്ചു. ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറും യു.എസ്. യുദ്ധവിമാനങ്ങളും ഇരുനേതാക്കൾക്കും മുകളിലൂടെ പറന്നു.

അലാസ്ക: ഉക്രെയ്ൻ വിഷയത്തിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ചക്ക് മുന്നോടിയായി യു.എസ്. സൈനിക ശക്തിയുടെ പ്രദർശനം. അലാസ്കയിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സണിൽ നടന്ന കൂടിക്കാഴ്ചയുടെ സമയത്ത് ഒരു ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറും യു.എസ്. യുദ്ധവിമാനങ്ങളും ഇരുനേതാക്കൾക്കും മുകളിലൂടെ പറന്നു.

രണ്ട് പ്രസിഡന്റുമാരും വേദിയിലേക്ക് നടന്നുനീങ്ങുന്ന 22 സെക്കൻഡ് വീഡിയോ ദൃശ്യങ്ങളാണ് വൈറലായത്. കൂടിക്കാഴ്ചക്കായി പുടിൻ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ട്രംപും പുടിനും റെഡ് കാർപെറ്റിലൂടെ നടന്നുനീങ്ങുന്നതിനിടെ നാല് എഫ്-35 യുദ്ധവിമാനങ്ങളും ഒരു ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറും ഇരുവർക്കും മുകളിലൂടെ അതിവേഗം പറക്കുകയായിരുന്നു. ബോംബറിൻ്റെ ശബ്ദം കേട്ട് പുടിൻ മുകളിലേക്ക് നോക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്.

Scroll to load tweet…

ലോകത്തിലെ ഏറ്റവും വിലയേറിയ സൈനിക വിമാനങ്ങളിലൊന്നാണ് ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ. ഒരു ബി-2 ബോംബറിന് ഏകദേശം 2.1 ബില്യൺ ഡോളറാണ് (ഏകദേശം 17,500 കോടി രൂപ) വില. 1980-കളുടെ അവസാനത്തിൽ നിർമ്മാണം ആരംഭിച്ച ഈ വിമാനം, ശത്രുവിൻ്റെ റഡാറുകളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന നൂതന സ്റ്റെൽത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. റഡാറിൽ ഒരു ചെറിയ പക്ഷിയുടെ വലുപ്പത്തിൽ മാത്രമാണ് ഇത് കാണാൻ കഴിയുക. 6,000 നോട്ടിക്കൽ മൈലിലധികം (ഏകദേശം 11,112 കിലോമീറ്റർ) ദൂരപരിധിയിലുള്ള ആക്രമണങ്ങൾ നടത്താൻ ഇതിന് കഴിയും. 18,144 കിലോഗ്രാമിലധികം ഭാരമുള്ള ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയുമുണ്ട്. 16 ബി83 ആണവ ബോംബുകളും ഇതിൽ ഉൾപ്പെടും. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരെ ജൂണിൽ നടന്ന ആക്രമണത്തിൽ ആറ് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്.

Scroll to load tweet…

മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം നടന്ന സംയുക്ത പത്രസമ്മേളനത്തിൽ, കൂടിക്കാഴ്ചയിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നതിൻ്റെ സൂചനയാണ് ഇരു നേതാക്കളും നൽകിയത്. 'ഒരു കരാറിലെത്തിയില്ല' എന്ന് ട്രംപ് പറഞ്ഞു. അതേസമയം, പുടിൻ ചർച്ചയെ 'സമഗ്രം ഉപയോഗപ്രദം' എന്നും വിശേഷിപ്പിച്ചു. യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യക്ക് ആത്മാർത്ഥമായ താൽപര്യമുണ്ടെന്നും, എന്നാൽ തങ്ങളുടെ നിയമപരമായ ആശങ്കകൾ പരിഗണിക്കണമെന്നും പുടിൻ കൂട്ടിച്ചേർത്തു. ഇനിയും ചര്‍ച്ചകൾക്കുള്ള സാധ്യതകൾ അവശേഷിപ്പിച്ചായിരുന്നു ഇരു നേതാക്കളുടെയും പ്രതികരണം.