വിദേശ ഭീകരവാദ സംഘടനയ്ക്ക് അനധികൃതമായി എണ്ണ എത്തിച്ചിരുന്ന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്

വാഷിംഗ്ടൺ: വെനസ്വേലയുടെ പ്രസിഡന്റ് നിക്കൊളാസ് മദുറോയ്ക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കരീബിയൻ കടലിൽ വെനസ്വേലയുടെ വമ്പൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സേന. നാല് മാസമായി വെനസ്വേലയ്ക്ക് മേൽ പല രീതിയിൽ നിരന്തര സമ്മർദ്ദം ചെലുത്തിയ ശേഷമാണ് നിലവിലെ നടപടി. ബുധനാഴ്ചയാണ് എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്നാണ് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. ഇതിനോടകം പിടിച്ചെടുത്തതിൽ ഏറ്റവും വലുതാണ് ഈ കപ്പലെന്നാണ് ട്രംപ് വിശദമാക്കുന്നത്. വ്യക്തമായ കാരണമുള്ളതിനാലാണ് ഈ കപ്പൽ പിടിച്ചെടുത്തതെന്നാണ് ട്രംപ് വിശദമാക്കുന്നത്. യുഎസ് സേന കപ്പൽ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അമേരിക്കയുടെ അറ്റോണി ജനറൽ പാം ബോണ്ടി എക്സിൽ പങ്കുവച്ചിട്ടുണ്ട്. 45 സെക്കന്റ് ദൈർഘ്യമുള്ള ക്ലാസിഫൈഡ് അല്ലാത്ത വീഡിയോയിൽ അമേരിക്കൻ സേന ഹെലികോപ്ടറിൽ നിന്ന് കപ്പലിലേക്ക് ആയുധങ്ങളുമായി ഇറങ്ങുന്നതിന്റെ വീഡിയോയാണ് ഉള്ളത്. 

ജനങ്ങൾ പോരാളികളാവണമെന്ന് നിക്കോളാസ് മദൂറോ

അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ വെനസ്വേലയിലേക്കും ഇറാനിലേക്കും ക്രൂഡ് ഓയിൽ എത്തിച്ചിരുന്ന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് പാം ബോണ്ടി വിശദമാക്കുന്നത്. ഈ കപ്പലിനെതിരെ നിരവധി വർഷങ്ങൾക്ക് മുൻപ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. വിദേശ ഭീകരവാദ സംഘടനയ്ക്ക് അനധികൃതമായി എണ്ണ എത്തിച്ചിരുന്ന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അമേരിക്കൻ നടപടിയിൽ വെനസ്വേല ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാൽ കാരക്കാസിൽ നടന്ന റാലിയിൽ പോരാളികളെ പോലെ പെരുമാറണമെന്ന് നിക്കോളാസ് മദൂറോ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. വേണ്ടിവന്നാൽ വടക്കൻ അമേരിക്കൻ സാമ്രാജ്യത്തിന്റെ പല്ലുകൾ അടിച്ച് താഴെയിടേണ്ടി വരാൻ സജ്ജമാണെന്നും നിക്കോളാസ് മദൂറോ റാലിയിൽ പ്രതികരിച്ചിരുന്നു. അവർക്ക് വേണ്ടത് നമ്മുടെ എണ്ണയും ഇന്ധനവും സ്വർണവും നമ്മുടെ കടലുമാണെന്നും അവർ കള്ളന്മാരാണ് എന്നുമാണ് പ്രതിവാര ടെലിവിഷൻ പരിപാടിയിൽ വെനസ്വേലയുടെ ആഭ്യന്തര മന്ത്രി ദിയോസ്ഡാഡോ കാബെല്ലോ പ്രതികരിച്ചത്. 2013 മുതൽ വെനസ്വേലയിൽ നിക്കോളാസ് മദൂറോ അധികാരത്തിലുണ്ട്. ഹ്യൂഗോ ഷാവേസ് കാൻസർ ബാധിതനായി മരണത്തിന് കീഴടങ്ങിയ ശേഷമാണ് നിക്കോളാസ് മദൂറോ അധികാരത്തിലെത്തിയത്. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് നിക്കോളാസ് മദൂറോ അട്ടിമറിച്ചതായി വ്യാപക ആരോപണം ഉയർന്നിരുന്നു. ഓഗസ്റ്റ് മാസം മുതൽ 50 മില്യൺ യൂറോയാണ് മദൂറോയുടെ തലയ്ക്ക് അമേരിക്കയിട്ടിരിക്കുന്ന വില. 

ചൊവ്വാഴ്ച വെനസ്വേല ഉൾക്കടലിൽ 40 മിനിറ്റോളമാണ് അമേരിക്കയുടെ സൈനിക വിമാനങ്ങൾ വലം വച്ചത്. വെനസ്വേലയിലെ ഏറ്റവും പ്രശസ്തമായ നഗരമായ മാരാകായ്ബോയ്ക്ക് സമീപത്തായിരുന്നു ഈ സൈനിക അഭ്യാസം. ആരാണ് പിടിച്ചെടുത്ത കപ്പലിന്റെ ഉടമകളെന്നോ കപ്പൽ എങ്ങോട്ടേക്ക് പോവുകയായിരുന്നുവെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല. ക്രൂഡ് ഓയിൽ വ്യാപാരരംഗത്തെ നിരീക്ഷണ/ഗവേഷണ സ്ഥാപനമായ കെപ്ലറിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഗയാനയുടെ പതാക വഹിക്കുന്ന സ്കിപ്പർ എന്ന കപ്പലാണ് നിലവിൽ അമേരിക്ക പിടിച്ചെടുത്തത്. വമ്പൻ ക്രൂഡ് കാരിയർ അഥവാ വിഎൽസിസി വിഭാഗത്തിൽ ഉൾപ്പെടുന്ന കപ്പലാണിത്. നവംബർ പാതിയോടെ നിറച്ച 11 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സ്കിപ്പറിലുണ്ട്. ക്യൂബ ലക്ഷ്യമാക്കിയായിരുന്നു കപ്പലിന്റെ യാത്രയെന്നുമാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്ക വൈകാതെ വെനസ്വേലയ്ക്കെതിരെ കരയുദ്ധം ആരംഭിച്ചേക്കുമെന്ന സൂചനയായാണ് കപ്പൽ പിടിച്ചെടുത്ത നടപടിയെ നിരീക്ഷിക്കുന്നത്. നിലവിൽ കരീബിയൻ കടലിൽ അമേരിക്കൻ സൈന്യം തമ്പടിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് നിരവധി വെനസ്വേലൻ ബോട്ടുകൾ അമേരിക്കൻ തകർത്തിരുന്നു.

Scroll to load tweet…

ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേല. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സ്ഥാപകാംഗങ്ങളിലൊന്നുമാണ്. ഒരു വർഷം ശരാശരി 7.49 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് വെനസ്വേലയുടെ പ്രതിദിന കയറ്റുമതി. ഇതിൽ ഏതാണ്ട് പാതിയും ചെല്ലുന്നത് ചൈനയിലേക്കാണ്. യുഎസിലേക്ക് പ്രതിദിനം 1.32 ലക്ഷം ബാരലും വെനസ്വേല കയറ്റുമതി ചെയ്യുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം