അമേരിക്കയിൽ പ്രസവിച്ച് കുഞ്ഞിന് യുഎസ് പൗരത്വം നേടുക എന്ന ഉദ്ദേശത്തോടെ യാത്ര ചെയ്യുന്നവർക്ക് ടൂറിസ്റ്റ് വിസ നൽകില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. 

ദില്ലി: രാജ്യത്ത് ജനിക്കുന്ന കുട്ടിക്ക് യുഎസ് പൗരത്വം ലഭിക്കുമെന്ന കാരണമാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് കണ്ടെത്തിയാൽ ടൂറിസ്റ്റ് വിസ അപേക്ഷകൾ കോൺസുലാർ ഉദ്യോഗസ്ഥർ നിരസിക്കുമെന്ന് അമേരിക്ക. അത്തരം യാത്രകൾ അനുവദനീയമല്ലെന്നും വിസ നിഷേധിക്കപ്പെടാൻ കാരണമാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപേക്ഷകന്റെ ഉദ്ദേശ്യം വിലയിരുത്താൻ കോൺസുലാർ ബാധ്യസ്ഥരാണെന്നും പൗരത്വം ലഭിക്കുന്നതിനായി പ്രസവത്തിനായി സന്ദർശനം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഉദ്യോ​ഗസ്ഥർക്ക് തോന്നിയാൽ, വിസ അനുവദിക്കാൻ കഴിയില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ജനന ടൂറിസത്തിനായി സന്ദർശക വിസ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള യുഎസ് ഗവൺമെന്റിന്റെ നയത്തിന്റെ ഭാഗമാണ് ഈ നിയമം.

കുട്ടിയുടെ പൗരത്വം നേടുന്നതിനായി വിദേശ മാതാപിതാക്കൾ യുഎസിൽ പ്രസവിക്കുക എന്ന പ്രാഥമിക ഉദ്ദേശ്യത്തിനായി യുഎസ് ടൂറിസ്റ്റ് വിസ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഈ വർഷം ആദ്യം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞിരുന്നു. ഈ പ്രവണത അമേരിക്കൻ നികുതിദായകർ മെഡിക്കൽ പരിചരണ ചെലവുകൾ വഹിക്കാൻ കാരണമാകുമെന്നും ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

ജനന ടൂറിസത്തിലൂടെ നമ്മുടെ ഇമിഗ്രേഷൻ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നവർക്ക് ഭാവി വിസകൾക്കോ ​​അമേരിക്കയിലേക്ക് യാത്ര ചെയ്യാനോ യോഗ്യത നഷ്ടപ്പെട്ടേക്കാമെന്നും 2025 ഏപ്രിലിലെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൂട്ടിച്ചേർത്തു.