ഇറാനെതിരെ സംയുക്ത ആക്രമണം നടത്താൻ അമേരിക്കയും ഇസ്രയേലും പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ട്. എന്നാൽ നവംബറിലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമേ ഡോണൾഡ് ട്രംപ് ഇതിന് അനുമതി നൽകാൻ സാധ്യതയുള്ളൂ. ആക്രമണമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാഷിങ്ടണ്‍: ഇറാനെതിരെ കനത്ത ആക്രമണം പുനരാരംഭിക്കാൻ അമേരിക്കൻ നീക്കമെന്ന് റിപ്പോർട്ട്. സംയുക്ത ആക്രമണം പുനരാരംഭിക്കാൻ ഇസ്രയേൽ പ്രതിരോധ സേനയും യുഎസ് സൈന്യവും ചേർന്ന് പദ്ധതി തയ്യാറാക്കിയെന്നാണ് റിപ്പോർട്ട്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയാൽ ആക്രമണം പുനരാരംഭിക്കും. എന്നാൽ നവംബർ 3-ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് യുഎസ് ഇറാനെതിരെയുള്ള ആക്രമണങ്ങൾ പുനരാരംഭിക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യാഴാഴ്ച വ്യക്തമാക്കി.എന്നാൽ ഇനി അക്രമണം ഉണ്ടായാൽ തിരിച്ചടിക്ക് പരിധിയുണ്ടാവില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ എണ്ണ വിപണികളിൽ കൂടുതൽ അസ്ഥിരത ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയിലാണ് ട്രംപ് എന്നാണ് സൂചന. ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് അമേരിക്ക ഒരിക്കലും ഇറാനെ ആക്രമിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വീണ്ടും ഇറാനെ ലക്ഷ്യമിടും, അവർ ഇനി അധികം കാത്തിരിക്കില്ലെന്ന കാര്യം വ്യക്തമാണെന്ന് ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ ട്രംപ് എല്ലാ വഴികളും നോക്കുന്നുണ്ട് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ പെന്‍റഗൺ തയ്യാറായില്ല.

ഇറാനെതിരെയുള്ള സൈനിക നടപടികൾ പുനരാരംഭിക്കുന്നതിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ സംയുക്ത ആക്രമണങ്ങൾ എന്ന് പുനരാരംഭിക്കണമെന്ന തീരുമാനം ട്രംപിന്‍റേതായിരിക്കും. ഇറാനുമായുള്ള ചർച്ചകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചോദിച്ചപ്പോൾ, ട്രംപ് വ്യക്തതയില്ലാത്ത പ്രതികരണമാണ് കഴിഞ്ഞ ദിവസം നൽകിയത്. ചർച്ചകൾ കുറച്ചൊക്കെ നടക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞ അദ്ദേഹം, തൊട്ടുപിന്നാലെ 'ഞങ്ങൾ ചർച്ചകൾ നടത്തുന്നില്ലെന്നാണ് ഞാൻ കരുതുന്നത്' എന്ന് തിരുത്തിപ്പറഞ്ഞു