ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാറിന്മേലുള്ള ചര്‍ച്ച മാറ്റിവെക്കും
ദില്ലി : ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാറിന്മേലുള്ള ചര്‍ച്ച മാറ്റിവെക്കും. ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകളുടെ ആറാം റൗണ്ടിനായുള്ള ന്യൂഡൽഹി സന്ദർശനം അമേരിക്കൻ വ്യാപാര പ്രതിനിധികൾ റദ്ദാക്കിയതായാണ് റിപ്പോർട്ട്. ഓഗസ്റ്റ് 27 ന് തുടങ്ങാനിരുന്ന ചർച്ചയ്ക്ക് പ്രതിനിധികളെത്തില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതായാണ് വിവരം.
ഇന്ത്യക്ക് മേൽ അമേരിക്ക ചുമത്തിയ അധിക താരിഫുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ചർച്ചകൾ നിലയ്ക്കാൻ കാരണം. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരായ അധിക താരിഫ് 50% ആയി ഉയർത്തിയതിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. റഷ്യയിൽ നിന്ന് ഇന്ത്യ തുടർച്ചയായി ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള പ്രതികാരമായാണ് അമേരിക്ക പിഴ താരിഫ് ചുമത്തിയത്.
ഇന്ത്യയുടെ ഇറക്കുമതികൾ യുഎസ്സിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും റഷ്യയെ സാമ്പത്തികമായി സഹായിക്കുന്നത് ലക്ഷ്യമിട്ടാണെന്നും അമേരിക്ക ആരോപിക്കുന്നു. റഷ്യയുമായുള്ള എണ്ണ വ്യാപാര ബന്ധമാണ് അടിയന്തര നടപടികൾക്ക് ന്യായീകരണമായി വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിക്കുന്നത്. 25 ശതമാനം താരിഫ് ആഗസ്റ്റ് 7 ന് നിലവിൽ വന്നു. ഇന്ത്യയിൽ നിന്നും എത്തുന്ന സാധനങ്ങൾക്ക് പിഴ താരിഫായ 25 ശതമാനം അടുത്ത 21 ദിവസങ്ങൾക്കുള്ളിലുണ്ടാകും.
അമേരിക്കയിൽ നിന്നും സമ്മർദ്ദമുണ്ടായിട്ടും, ഇന്ത്യ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകർക്കും ദേശീയ താൽപ്പര്യങ്ങൾക്കും ദോഷകരമായ ഒരു കരാറും ഇന്ത്യ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസ് ഇന്ത്യയെ റഷ്യൻ എണ്ണ വാങ്ങുന്നതിന് കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും, യൂറോപ്യൻ യൂണിയൻ, ചൈന, യുഎസ് പോലും റഷ്യൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. 50% താരിഫ് ഭീഷണി നിലനിൽക്കുമ്പോഴും, ഓഗസ്റ്റ് പകുതി വരെ ഇന്ത്യ റഷ്യൻ എണ്ണയുടെ വാങ്ങൽ വർദ്ധിപ്പിച്ചതായി ഏറ്റവും പുതിയ ഇറക്കുമതി കണക്കുകൾ സൂചിപ്പിക്കുന്നത്.

