മുൻ ആർമി മേജർ നിദാൽ മാലിക്ക് ഹസ്സനെ വെടിവെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കാനാണ്(Firing Squad) യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈന്യത്തിന് അനുമതി നൽകിയത്. ഇതോടെ 65 വർഷത്തിന് ശേഷം യുഎസ് സൈന്യത്തിന്റെ വധശിക്ഷയ്ക്ക് വിധേയനാകുന്ന സൈനിക ഉദ്യോ​ഗസ്ഥനാകും നിദാൽ മാലിക്ക്.

ന്യൂയോർക്ക്: യുഎസിനെ നടുക്കിയ വെടിവെപ്പിൽ മുൻ സൈനിക ഉദ്യോ​ഗസ്ഥനുള്ള വധശിക്ഷ വെടിവെച്ച് നടപ്പാക്കാൻ അനുമതി. മുൻ ആർമി മേജർ നിദാൽ മാലിക്ക് ഹസ്സനെ വെടിവെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കാനാണ്(Firing Squad) യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈന്യത്തിന് അനുമതി നൽകിയത്. ഇതോടെ 65 വർഷത്തിന് ശേഷം യുഎസ് സൈന്യത്തിന്റെ വധശിക്ഷയ്ക്ക് വിധേയനാകുന്ന സൈനിക ഉദ്യോ​ഗസ്ഥനാകും നിദാൽ മാലിക്ക്.

യുഎസ് സൈന്യത്തിൽ സൈക്യാട്രിസ്റ്റായിരുന്ന നിദാൽ മാലിക്ക് ടെക്സാസിലെ ഫോർട്ട് ഹൂഡിൽ നടത്തിയ വെടിവെപ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്. 30-ഓളം പേർക്ക് പരിക്കേറ്റു. 2009-ലായിരുന്നു സംഭവം. തുടർന്ന് കോർട്ട് മാർഷ്യൽ നേരിടുകയും പ്രതിയെ ശിക്ഷിക്കുകയുമായിരുന്നു. അഫ്​ഗാനിസ്ഥാനിലേക്ക് യുഎസ് സൈനികരെ അയക്കുന്നത് തടയാനാണ് താൻ ആക്രമണം നടത്തിയതെന്നായിരുന്നു നിദാൽ മാലിക്ക് പറഞ്ഞിരുന്നത്. മുസ്ലീങ്ങളെ കൊല്ലാനാണ് യുഎസ് അഫ്​ഗാനിസ്ഥാനിലേക്ക് സൈനികരെ അയക്കുന്നതെന്നായിരുന്നു പ്രതിയുടെ വാദം. വിചാരണയ്ക്കിടെ താൻ ചെയ്ത കുറ്റങ്ങളൊന്നും പ്രതി നിഷേധിച്ചില്ല. താൻ പക്ഷംമാറിയ ഒരു സൈനികനാണെന്നും ഇയാൾ പറഞ്ഞിരുന്നു.

നിദാൽ മാലിക്കിന്റെ വധശിക്ഷ നടപ്പാക്കുന്ന തീയതിയും സമയവും ആർമി സെക്രട്ടറി തീരുമാനിക്കുമെന്ന് പെന്റ​ഗൺ വക്താവ് സീൻ പാർണൽ അറിയിച്ചു. അതേസമയം, വധശിക്ഷ നടപ്പാക്കാൻ പ്രസിഡന്റ് അനുമതി നൽകിയെങ്കിലും നിദാൽ മാലിക്കിന് ഇതിനെ ഫെഡറൽ കോടതിയിൽ ചോദ്യംചെയ്യാം. നിദാൽ മാലിക്ക് ഇതിനെതിരേ കോടതിയെ സമീപിച്ചാൽ ശിക്ഷ നടപ്പാക്കുന്നതും ചിലപ്പോൾ വർഷങ്ങളോളം വൈകും.

1961-ലാണ് യുഎസ് സൈന്യം അവസാനമായി ഒരു വധശിക്ഷ നടപ്പാക്കിയത്. ഇതിൽത്തന്നെ വെടിയുതിർത്തുള്ള വധശിക്ഷ അപൂർവമായാണ് യുഎസ് സൈന്യം നടപ്പാക്കാറുള്ളത്. 1961-ൽ യുഎസ് ആർമി പ്രൈവറ്റ് ജോൺ എ. ബെന്നറ്റിനെയാണ് അവസാനമായി സൈന്യം വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 11 വയസ്സുള്ള പെൺകുട്ടിയെ ബലാത്സം​ഗംചെയ്തതിനായിരുന്നു ശിക്ഷ. ഇതിനുശേഷം 2008-ൽ മറ്റൊരു സൈനിക ഉദ്യോ​ഗസ്ഥനായിരുന്ന റൊണാൾഡ് ​ഗ്രേയെ വധശിക്ഷയ്ക്ക് വിധേയനാക്കാൻ അന്നത്തെ പ്രസിഡന്റ് ജോർജ് ബുഷ് അനുമതി നൽകിയെങ്കിലും പിന്നീട് കോടതി ഇത് തടഞ്ഞു. റൊണാൾഡ് ​ഗ്രേയും നിദാൽ മാലിക്കുമെല്ലാം നിലവിൽ കൻസാസിലെ സൈനിക ജയിലിലാണുള്ളത്.