സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാസ് ധരിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികളെന്ന് വിശദമാക്കുന്ന ചിത്രവുമായി അമേരിക്കന്‍ പ്രസിഡന്‍റെ ഡൊണാള്‍ഡ് ട്രംപ്. മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനതിന് നിര്‍ബന്ധിക്കുകയില്ലെന്ന് മുന്‍പ് നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് മാസ്ക് അണിഞ്ഞ് ദേശഭക്തനാണെന്ന അവകാശവാദത്തോടെ ട്രംപ് എത്തുന്നത്. 

ചൈനയുടെ വൈറസിനെതിരായ പ്രവര്‍ത്തനത്തില്‍ നമ്മള്‍ ഒറ്റക്കെട്ടാണ്. നിരവധി ആളുകള്‍ പറയുന്നുണ്ട് ദേശസ്നേഹമുള്ളവര്‍ മാസ്ക് ധരിക്കുമെന്ന്. സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹമാണ്. എന്നേക്കാള്‍ അധികം ദേശത്തെ സ്നേഹിക്കുന്ന ആരുമില്ലെന്ന കുറിപ്പോടെയാണ് ട്രംപ് മാസ് ധരിച്ച ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മാസ് ധരിച്ച് പൊതുവേദികളില്‍ വരാന്‍ ട്രംപ് വിമുഖത കാണിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ മരണസംഖ്യ വലിയ രീതിയില്‍ കൂടിയതോടെയാണ് മാസ്ക് ധരിക്കുന്നത് സംബന്ധിച്ച നിലപാടില്‍ ട്രംപ് അയവ് വരുത്തിയത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൈനിക ആശുപത്രി സന്ദര്‍ശന വേളയിലാണ് ട്രംപ് പൊതുവേദിയില്‍ മാസ്ക് ധരിച്ച് ആദ്യമായി എത്തിയത്. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ മാസ്ക് ധരിച്ച് എത്തിയ ഡെമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബിഡനെ ട്രംപ് പരിഹസിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ ഒരു പത്ര സമ്മേളനത്തിന് ഇടയിലായിരുന്നു ഇത്.