അധികാരമേറ്റെടുത്ത ദിവസം ട്രംപ് പങ്കെടുത്ത മൂന്ന് പ്രധാന ചടങ്ങുകളിലൊന്നായിരുന്നു ഇത്.

വാഷിങ്‍ടൺ: തിങ്കളാഴ്ച രാത്രി അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം സായുധ സേനാ അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ ഡോണൾഡ് ട്രംപ് ചുവടുവെയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായി. അമേരിക്കൻ സൈന്യത്തിന്റെ തീം അടിസ്ഥാനമാക്കി തയ്യാറാക്കിയ കേക്ക് മുറിച്ചുകൊണ്ടാണ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. അധികാരമേറ്റെടുത്ത ദിവസം ട്രംപ് പങ്കെടുത്ത മൂന്ന് പ്രധാന ചടങ്ങുകളിലൊന്നായിരുന്നു സായുധ സേനാ പ്രതിനിധികൾക്ക് മുന്നിലുള്ള ഈ അഭിസംബോധന.

Scroll to load tweet…

ആചാരപരമായി വാൾ കൊണ്ടാണ് ട്രംപും വൈസ് പ്രസിഡന്റും വാഷിങ്ടൺ കൺവെൻഷൻ സെന്ററിൽ കേക്ക് മുറിച്ചത്. തുടർന്നായിരുന്നു വേദിയിൽ മെലാനിയയ്ക്കൊപ്പമുള്ള ചുവടുവെയ്പ്പ്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഭാര്യ ഉഷ വാൻസും ഒപ്പം ചേർ‍ന്നു. പിന്നാലെ സൈനിക തലവന്മാരും അവരുടെ കുടുംബാംഗങ്ങളും ഒപ്പം ചേർന്നു. രണ്ടാമതും അമേരിക്കയുടെ അധികാരം ഏറ്റെടുക്കുന്നതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. അമേരിക്കൻ സൈന്യത്തെ ശക്തിപ്പെടുത്താനുള്ള തന്റെ പ്രതിജ്ഞാബദ്ധതയും ട്രംപ് ആവർത്തിച്ചു. കഴിഞ്ഞ തവണ പ്രസി‍ഡന്റായിരുന്ന സമയത്ത് രൂപം നൽകിയ സ്‍പേസ് ഫോഴ്സിനെക്കുറിച്ച് പ്രത്യേകമായി പരാമർശിക്കാനും മറന്നില്ല.

Scroll to load tweet…

ഒരിക്കലല്ല, രണ്ട് തവണ അമേരിക്കൻ സൈന്യത്തിന്റെ സർവ സൈന്യാധിപനാകാൻ കഴിഞ്ഞതിലും വലിയ അഭിമാനം തന്റെ ജീവിതത്തിൽ വേറെയില്ലെന്ന് ട്രംപ് പറഞ്ഞു. സൈന്യവുമായുള്ള തന്റെ അടുത്ത ബന്ധം കൂടിയാണ് തനിക്ക് തെര‍ഞ്ഞെടുപ്പ് വിജയത്തിന് കളമൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to load tweet…

അമേരിക്കൻ സൈന്യത്തെ ഉപയോഗിക്കേണ്ടി വരാത്തത്ര ശക്തമാക്കാനാണ് പോകുന്നതെന്ന് സദസ്സിലെ നിറഞ്ഞ കരഘോഷത്തിനിടെ ട്രംപ് പ്രഖ്യാപിച്ചു. പുതിയ അയൺ ഡോം സജ്ജമാക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. നിങ്ങളെയും നമ്മുടെ സൈന്യത്തെയും അമേരിക്കൻ ഐക്യ നാടുകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. കാണികൾ യുഎസ്എ, യുഎസ്എ എന്ന മുദ്രാവാക്യം മുഴക്കി. 

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം