അടുത്ത ആഴ്ച നിർണായകമാണെന്നും വ്യോമ പ്രതിരോധം പൂർണമായും നശിച്ച ഇറാൻ നിസ്സഹായരാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.

വാഷിം​ഗ്ടൺ: ഇറാനെ അമേരിക്ക ആക്രമിക്കുമോയെന്ന കാര്യത്തിൽ ഉറപ്പ് പറയാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമിക്കാം ആക്രമിക്കാതിരിക്കാം എന്നാണ് ട്രംപിന്റെ മറുപടി. അടുത്ത ആഴ്ച നിർണായകമാണെന്നും വ്യോമ പ്രതിരോധം പൂർണമായും നശിച്ച ഇറാൻ നിസ്സഹായരാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. അതേ സമയം മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറായിരുന്നുവെന്ന് വ്യക്തമാക്കി റഷ്യ രം​ഗത്തെത്തി. രാഷ്ട്രങ്ങളെ ബന്ധപ്പെട്ടതായും റഷ്യ വ്യക്തമാക്കി. വ്ലാദിമിർ പുടിൻ യുഎഇ പ്രസിഡന്റുമായി സംസാരിച്ചു. സംഘർഷങ്ങളിൽ ഇരുരാഷ്ട്രങ്ങളും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

അതേ സമയം, നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം ഇറാൻ തള്ളിയിരുന്നു. ശത്രുവിന് മുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു. ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് ഇറാന്‍റെ നിലപാട്. അതേസമയം, ഇസ്രയേൽ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളിൽ അമേരിക്ക നേരിട്ട് പങ്കാളി ആയേക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു. 

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ശക്തിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആണവായുധം നേടുന്നതിന് തൊട്ടരികിൽ എത്തിയെന്നും തടയാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇന്നലെ രാത്രിയിൽ ഉടനീളം ടെഹ്റാനിലടക്കം ഇസ്രയേലിന്‍റെ ആക്രമണമുണ്ടായി. ഇതിനിടെ, ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമാക്കി രാത്രിയിലും ഇറാന്‍റെ മിസൈൽ ആക്രമണവും തുടര്‍ന്നു. ഹൈഫയിലേക്കും ടെൽ അവീവിലേക്കും ഇറാൻ അയച്ച മിസൈലുകൾ തകർത്തെന്ന് ഇസ്രായേൽ അറിയിച്ചു.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News