സമാധാന കരാറിലെത്താൻ യുക്രെയ്ൻ തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയോട് ആവശ്യപ്പെട്ടു. ഡൊണെറ്റ്സ്ക് പ്രദേശം വിട്ടുകൊടുക്കണമെന്ന ആവശ്യം പുട്ടിൻ മുന്നോട്ട് വെച്ചുവെന്നും ട്രംപ് സെലൻസ്കിയെ അറിയിച്ചു. 

വാഷിംഗ്ടൺ : റഷ്യയുമായി സമാധാന കരാറിലെത്താൻ യുക്രെയ്ൻ തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുക്രൈനിന്റെ ഡൊണെറ്റ്സ്ക് പ്രദേശം വിട്ടുകൊടുക്കണമെന്ന ആവശ്യം അലാസ്ക ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ മുന്നോട്ട് വെച്ചുവെന്ന് ട്രംപ് സെലൻസ്കിയെ അറിയിച്ചു. റഷ്യ വലിയ രാജ്യമാണെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇപ്പോൾ സമാധാന കരാറിലേക്ക് പോകുന്നതാണ് യുക്രെയ്ന് നല്ലതെന്നും ട്രംപ് സെലെൻസ്കിയെ അറിയിച്ചു. എന്നാൽ പുട്ടിന്റെ ആവശ്യം സെലെൻസ്കി നിരസിച്ചെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. 

അലാസ്കയിൽ വച്ച് വ്ളാഡിമിർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന ഫോൺ സംഭാഷണത്തിലാണ് ട്രംപ് നിർദേശം മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ട്. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ഫോൺ സംഭാഷണത്തിൽ പുട്ടിന് യുക്രെയ്നിന്റെ 20% ഭൂമിയിൽ ഇപ്പോൾ നിയന്ത്രണമുണ്ടെന്നും അത് നിലനിർത്താൻ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് സെലെൻസ്കിയെ അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് പകരം സമാധാന ചർച്ചകളിലേക്ക് നീങ്ങണമെന്ന് അദ്ദേഹം സെലെൻസ്കിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

യുദ്ധം അവസാനിപ്പിക്കാൻ ഏതാനും ചില പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുകൊടുക്കാൻ യുക്രെയ്ൻ തയ്യാറാകണമെന്ന സൂചന ട്രംപ് നേരത്തെ നൽകിയിരുന്നു. ഇത് യുക്രെയ്നിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ആശങ്കയ്ക്ക് കാരണമായിരുന്നു. തങ്ങളുടെ ഭൂമി വിട്ടുനൽകില്ലെന്ന് യുക്രെയ്ൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ ഈ നിലപാട് റഷ്യയെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും യുക്രെയ്ൻ ഭയപ്പെടുന്നു.

പുട്ടിനുമായി അലാസ്കയിൽ നടന്ന കൂടിക്കാഴ്ചയിൽ വെടിനിർത്തൽ സംബന്ധിച്ച് അന്തിമ കരാറിലെത്താൻ സാധിച്ചിട്ടില്ലെങ്കിലും, ചർച്ചകൾ പുരോഗതിയിലാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കിയിരുന്നു. യുക്രെയ്ൻ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉച്ചകോടി നടത്താനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

YouTube video player