എഐ രംഗത്ത് നിലവിൽ അമേരിക്ക ബഹുദൂരം മുന്നിലാണെന്നും മറ്റു രാജ്യങ്ങളുമായി വിവരങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലാണ് ഈ മേഖലയിലെ പ്രധാന മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിങ്ടൺ: നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - എഐ) മേഖലയിൽ ചൈനയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന് വ്യക്തമാക്കി യുഎസ്. ചൈനയുമായി സഹകരിക്കാൻ താൽപ്പര്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എഐ രംഗത്തെ സഹകരണം അമേരിക്കൻ കമ്പനികൾക്കൊപ്പം എത്താൻ ബെയ്ജിങ്ങിനെ സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം. അമേരിക്കയുടെ സാങ്കേതിക രഹസ്യങ്ങൾ പ്രധാന സാമ്പത്തിക എതിരാളിയായ ചൈനയ്ക്ക് ചോർന്നുനൽകാൻ ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപിന്റെ തീരുമാനം. വാഷിംഗ്ടണിൽ അമേരിക്കൻ സർക്കാരിന്റെ പുതിയ എഐ അധിഷ്ഠിത പോർട്ടലായ 'America.gov' ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

എഐ രംഗത്ത് നിലവിൽ അമേരിക്ക ബഹുദൂരം മുന്നിലാണെന്നും മറ്റു രാജ്യങ്ങളുമായി വിവരങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലാണ് ഈ മേഖലയിലെ പ്രധാന മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ യുഎസ് സന്ദർശനം നടന്ന് ഒരാഴ്ച തികയുന്നതിന് മുമ്പാണ് ട്രംപിന്റെ ഈ പരാമർശം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ വൈറ്റ് ഹൗസ് സന്ദർശന വേളയിൽ എഐ വിഷയങ്ങൾ ചർച്ചയായെങ്കിലും സാങ്കേതികവിദ്യ സംയുക്തമായി വികസിപ്പിക്കുന്നതിനെ ട്രംപ് എതിർത്തു. എങ്കിലും, തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ എഐ ആശയവിനിമയ ചാനൽ ആരംഭിച്ചിട്ടുണ്ട്.

സർക്കാർ രേഖകളിൽ ഇനി മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പകരം 'സൂപ്പർ ഇന്റലിജൻസ്' എന്ന് ഉപയോഗിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് കർശനമായ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സാങ്കേതിക വളർച്ചയെ തടസ്സപ്പെടുത്തുമെന്നാണ് ട്രംപിന്റെ നിലപാട്. ഓപ്പൺ എഐ, മെറ്റാ തുടങ്ങിയ പ്രമുഖ ടെക് കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, കമ്പനികളുടെ സ്വയം നിയന്ത്രണത്തിനാണ് ട്രംപ് മുൻഗണന നൽകിയത്. എഐ മനുഷ്യവംശത്തിന് ഭീഷണിയാകുമെന്ന പൊതുജനങ്ങളുടെ ആശങ്കകളെയും വികസനം നിർത്തിവെക്കണമെന്ന ആവശ്യങ്ങളെയും ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു.