യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് മേയറായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ രൂക്ഷമായ വാക്കുതർക്കങ്ങൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. 

വാഷിംഗ്ടൺ: ഈയടുത്തിടെ, ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട മേയർ സൊഹ്‌റാൻ മംദാനിയെ സന്ദർശിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബർ 21 വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഇരുവരും കണ്ടുമുട്ടുമെന്ന് ട്രംപ് അറിയിച്ചു. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ ഇരുവരും തമ്മിൽ വാക്കുതർക്കം അടക്കം ഉണ്ടായതിന് ശേഷമാണ് ലോകം കാത്തിരിക്കുന്ന കൂടിക്കാഴ്ച്ച. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കമ്മ്യൂണിസ്റ്റ് മേയർ സൊഹ്റാൻ ക്വാമെ മംദാനി എന്നാണ് ട്രംപ് പോസ്റ്റിൽ അഭിസംബോധന ചെയ്തിരിക്കുന്നത്. മംദാനി തന്നെ സന്ദർശിക്കാനായി ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും ഓവൽ ഓഫീസിൽ വച്ച് നടത്താമെന്ന് താൻ സമ്മതിച്ചതായും ട്രംപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത് ആദ്യ കൂടിക്കാഴ്ച്ച

ഈ മാസം ആദ്യം നടന്ന ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിലാണ് ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി അധികാരത്തിലേറിയത്. ഇതിന് ശേഷമുള്ള ആദ്യ കൂടിക്കാഴിച്ചയാണിത്. ഡോണാൾഡ് ട്രംപുമായി നയപരമായി അഭിപ്രായ വ്യത്യാസങ്ങളേറെയുള്ള ആളാണെങ്കിലും വിജയിക്ക് ട്രംപ് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മംദാനി മികവുള്ള രാഷ്ട്രീയക്കാരനാണെന്നും, നന്നായി സംസാരിക്കുന്നയാളാണെന്നും, മിടുക്കനാണെന്നുമെല്ലാം സ്വകാര്യമായി ട്രംപ് സമ്മതിച്ചിരുന്നുവെന്നുമെല്ലാം സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേ സമയം, മംദാനിയെ തീവ്രവാദിയെന്നും, കമ്മ്യൂണിസ്റ്റെന്നും, ന്യൂയോർക്ക് സിറ്റിയിലെ അപകടകാരിയെന്നും വിളിച്ചുകൊണ്ട് ട്രംപ് പലതവണ വിമർശിച്ചിട്ടുണ്ട്. മംദാനിയെക്കാൾ താൻ 'വളരെ സുന്ദരനാണെന്നും' ട്രംപ് തറപ്പിച്ചു പറഞ്ഞിരുന്നു. ട്രംപിന്റെ മകൻ എറിക് ട്രംപും മംദാനിയെ വിമർശിച്ചിട്ടുണ്ട്.