വാഷിങ്ടൺ: അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി. നാളെ തന്നെ ട്രംപിനെ വൈറ്റ്ഹൗസിൽ നിന്ന് കെട്ടുകെട്ടിക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ പറഞ്ഞപ്പോൾ കറുത്തവർഗക്കാർ തനിക്കാണ് വോട്ട് ചെയ്യേണ്ടതെന്നായിരുന്നു നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം.

ശക്തമായ മത്സരമാണ് ഇക്കുറി നടക്കുന്നത്. ആഗോള താപനം,  വായു മലിനീകരണം, സ്വവർഗ ബന്ധങ്ങളോടുള്ള സമീപനം , ഗര്ഭച്ഛിദ്രത്തോടുള്ള നിലപാട്, സുപ്രീംകോടതിയിൽ ട്രംപ് നടത്തിയ വിവാദ നിയമനം തുടങ്ങി വിവിധ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായെങ്കിലും കൊവിഡ് മഹാമാരിയും അമേരിക്കക്കുണ്ടായ സാമ്പത്തിക തകർച്ചയുമായിരുന്നു പ്രധാന വിഷയങ്ങളായത്.

ഒരു കോടിയോടടുക്കുന്ന രോഗികൾ, രണ്ടേകാൽ ലക്ഷത്തിലേറെ മരണം, തകർന്നടിഞ്ഞ സാമ്പത്തിക രംഗം തുടങ്ങി അമേരിക്കയെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട കൊവിഡ് വിപത്താണ് ഇത്തവണ അമേരിക്കൻ  തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്ന വിഷയം. തെരഞ്ഞെടുപ്പിന് മുൻപ് വാക്സിൻ എത്തിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം പാഴ്വാക്കായി. അമേരിക്കയിലെ വയോജനങ്ങളെ ട്രംപ് മരണത്തിനു എറിഞ്ഞു കൊടുത്തുവെന്ന് ജോ ബൈഡൻ ആരോപിച്ചു. കൊവിഡിനെ താനും രാജ്യവും ധീരമായി നേരിട്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. കൊവിഡ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായിരിക്കുമെന്ന് 82 ശതമാനം അമേരിക്കക്കാരും വിവിധ സർവേകളിൽ, അഭിപ്രായപ്പെട്ടു. 

ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് അമേരിക്ക അനുഭവിക്കുന്നത്.  ദേശീയ സാമ്പത്തിക വളർച്ച കനത്ത തിരിച്ചടി നേരിടുന്നു. ആഗോള വ്യാപാര നയങ്ങളെ അമേരിക്കയ്ക്ക് അനുകൂലമായി ട്രംപ് മാറ്റിയെന്നും ചൈനയോടുള്ള നയങ്ങളടക്കം പൊളിച്ചെഴുതിയെന്നും റിപ്പബ്ലിക്ക് പക്ഷം പറയുന്നു. അധികാരത്തിലെത്തിയാൽ രാജ്യത്തെ കരകയറ്റാൻ സമഗ്ര രക്ഷാ പാക്കേജും എല്ലാവരെയും ഉൾക്കൊള്ളുന്ന ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷയുമാണ് ബൈഡന്റെ വാഗ്ദാനങ്ങൾ.

കറുത്ത വർഗക്കാർക്ക് എതിരെ രാജ്യത്തു വ്യാപകമായി നടന്ന പോലീസ് അതിക്രമങ്ങളെ  ട്രംപ് ഇനിയും പൂർണ്ണ മനസോടെ തള്ളിപ്പറഞ്ഞിട്ടില്ല. ശക്തമാകുന്ന വംശീയവാദത്തെ അദ്ദേഹം അപലപിച്ചിട്ടുമില്ല. വെള്ളക്കാരന്റെ വർണവെറിക്ക് കുടപിടിക്കുന്ന ട്രംപിന്റെ നയം തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരും കുറവല്ല. അമേരിക്കയിലെ ആകെ ജനസംഖ്യയിൽ 13 ശതമാനം മാത്രമാണ് കറുത്ത വർഗക്കാർ. എന്നാൽ പല സംസ്ഥാനങ്ങളിലും കറുത്ത വർഗക്കാർ നിർണായകമാണ്. ജോർജിയയിൽ 32 ശതമാനവും നോർത്ത് കരോലിനയിൽ 22 ശതമാനവും കറുത്ത വർഗ്ഗക്കാരുണ്ട്. 

കഴിഞ്ഞ തവണ എല്ലാ അഭിപ്രായ സർവേകളിലും ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റൺ ആയിരുന്നു മുന്നിൽ. എന്നാൽ ഫലം വന്നപ്പോൾ അതെല്ലാം പൊളിഞ്ഞു. പുറമേക്ക് പുരോഗമനം പറയുന്ന പലരും രഹസ്യമായി ട്രംപിന് വോട്ടു ചെയ്‌തെന്ന് വിലയിരുത്തലുകൾ വന്നു. ഇത്തവണയും അത്തരം അടിയൊഴുക്കുകൾ ഉണ്ടാകുമോയെന്ന കൂടിയാണ് അറിയേണ്ടത്. പോളിങ് നടപടികൾ നാളെ രാവിലെ അവസാനിക്കും. വിസ്കോൺസിനിലും മിൽവാക്കിയിലും ആബ്സെന്റി ബാലറ്റുകളും പോസ്റ്റൽ ബാലറ്റുകളും എണ്ണിത്തുടങ്ങി.