തോക്ക് വാങ്ങുമ്പോള്‍ തെറ്റായ വിവരം നല്‍കി, ലഹരി ഉപയോഗം മറച്ചുവെച്ചു; ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം
തോക്ക് നിയമങ്ങളുടെ ലംഘനത്തിന് മൂന്ന് ഫെഡറൽ കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയത്

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം. 2018ൽ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങൾ നൽകി, ലഹരി ഉപയോഗം മറച്ചുവെച്ചു, ലഹരി പദാർത്ഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിവയാണ് കുറ്റങ്ങള്‍. തോക്ക് നിയമങ്ങളുടെ ലംഘനത്തിന് മൂന്ന് ഫെഡറൽ കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിൽ ഇനി ഹണ്ടർ ബൈഡൻ വിചാരണ നേരിടണം.
അമേരിക്കയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തോക്ക് കൈവശം വെയ്ക്കാനാവില്ല. 2018ലെ കേസിലാണ് ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഡെലവെയറിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തോക്ക് നിയമ ലംഘനത്തിന് പരമാവധി ശിക്ഷ 25 വര്‍ഷം തടവാണ്. 2024 ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഈ കേസ് ജോ ബൈഡന് തലവേദനയായേക്കും. അമേരിക്കൻ ചരിത്രത്തിലാദ്യമായാണ് സിറ്റിങ് പ്രസിഡന്‍റിന്‍റെ മകനെതിരെ ജസ്റ്റിസ് ഡിപാര്‍മെന്‍റ് കുറ്റം ചുമത്തിയത്.
രാഷ്ട്രീയ സമ്മർദ്ദം കാരണമാണ് ഈ കേസെന്ന് ഹണ്ടർ ബൈഡന്റെ അഭിഭാഷകൻ ആബെ ലോവൽ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശിച്ചു- 11 ദിവസം ഹണ്ടർ ബൈഡൻ തോക്ക് കൈവശം വെച്ചത് പൊതു സുരക്ഷയ്ക്ക് ഭീഷണിയായിരുന്നില്ല, മറിച്ച് ഒരു പ്രോസിക്യൂട്ടർ, രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണിയാണ്."
നേരത്തെ നികുതി വെട്ടിപ്പ് കേസും ഹണ്ടർ ബൈഡനെതിരെ ഉയര്‍ന്നുവന്നിരുന്നു. 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടു വർഷം നികുതി നൽകിയില്ലെന്നാണ് കേസ്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ച അഭിഭാഷകൻ ഡേവിഡ് വെയ്സാണ് ഹണ്ടര്‍ ബൈഡെതിരായ ആരോപണം അന്വേഷിച്ചത്. 2017, 2018 വര്‍ഷങ്ങളില്‍ ടാക്സില്‍ വെട്ടിപ്പ് നടത്തി എന്നാണ് കേസ്. ഈ കേസ് അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഉന്നയിക്കാനിരിക്കെയാണ് തോക്ക് കേസ് കൂടി വന്നത്.