യുഎസ് വെടിനിർത്തൽ കരാർ ലംഘിച്ചതിന് പകരമായി ബഹ്റൈനിലെയും കുവൈത്തിലെയും 85 യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തിയതായി ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. നേരത്തെ ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ തിരിച്ചടിച്ചത്, ഇത് പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭീതിയിലാക്കി.

തെഹ്റാൻ: യുഎസ് നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിന് പകരമായി ബഹ്റൈനിലെയും കുവൈത്തിലെയും 85 യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭീതിയിലാക്കി കൊണ്ടാണ് ഇറാന്റെ ഈ നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുഎസ് തങ്ങളുടെ നേരെ നടത്തിയ സൈനിക അധിനിവേശത്തിന് തൊട്ടുപിന്നാലെയാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ തിരിച്ചടിച്ചത്. ബഹ്റൈനിലെയും കുവൈത്തിലെയും തന്ത്രപ്രധാനമായ യുഎസ് ക്യാമ്പുകളും കപ്പൽപ്പടയുടെ കേന്ദ്രങ്ങളുമടക്കം 85 ഇടങ്ങളിലാണ് ഒരേസമയം സ്ഫോടന പരമ്പരകൾ ഉണ്ടായതെന്നാണ് അവകാശവാദം. താൽക്കാലിക വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചതിനാലാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കേണ്ടി വന്നതെന്ന് ഇറാന്‍റെ സൈനിക നേതൃത്വം വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുകയും പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തെ തുടർന്ന് ബഹ്റൈനിൽ ബുധനാഴ്ച രാവിലെ തുടർച്ചയായി പല തവണ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി നേരിടുകയാണെന്ന് കുവൈത്ത് സൈന്യവും വ്യക്തമാക്കി.

യുഎസ് താവളങ്ങൾ തകർത്തെന്ന് ഇറാൻ

ബഹ്റൈനിലെ യുഎസിന്റെ ഫിഫ്ത് നേവൽ ഡിസ്ട്രിക്റ്റ്, കുവൈത്തിലെ അലി അൽ സാലം എയർ ബേസ് എന്നീ തന്ത്രപ്രധാന യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് സ്ഥിരീകരിച്ചു. തങ്ങളുടെ സൈനിക നീക്കത്തിന് തടസ്സം നിൽക്കാൻ ശ്രമിച്ച യുഎസിന്റെ അത്യാധുനിക 'എക്യു9' റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. 

ഇറാനിൽ വൻ നാശനഷ്ടം വിതച്ച് യുഎസ് വ്യോമാക്രമണം

നേരത്തെ ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പകരമായാണ് യുഎസ് സെൻട്രൽ കമാൻഡ് ഇറാനിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഇതോടൊപ്പം ഇറാനിൽ നിന്നുള്ള എണ്ണ വിൽപ്പനയ്ക്കുള്ള അനുമതി യുഎസ് റദ്ദാക്കുകയും ചെയ്തു.

ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, ആന്റി-ഷിപ്പ് ക്രൂസ് മിസൈൽ താവളങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയാണ് യുഎസ് യുദ്ധവിമാനങ്ങൾ തകർത്തത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്‍റെ 60-ലധികം ചെറുബോട്ടുകളും തകർത്തവയിൽ ഉൾപ്പെടുന്നു. ഇറാന്‍റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ്, ഖേഷ്ം ഐലൻഡ്, തീരദേശ നഗരങ്ങളായ സിരിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിരിക്കിലെ വാണിജ്യ തുറമുഖത്ത് പതിച്ച മിസൈലിന്‍റെ അവശിഷ്ടങ്ങൾ തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.