2002ൽ നിർമ്മിതമായ പിംഗ് ഷുൻ എന്ന കപ്പലിന് 2025ലാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ആറ് ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് കപ്പലിലുള്ളത്

ദില്ലി: പുറപ്പെട്ടത് ഇന്ത്യയിലേക്ക് പാതിവഴിയിൽ വച്ച് ചൈനയിലേക്ക് യുടേൺ എടുത്ത് ഇറാനിൽ നിന്നുള്ള എണ്ണ ടാങ്കർ കപ്പൽ. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഇറാൻ അസംസ്കൃത എണ്ണയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പൽ ചൈനയിലേക്ക് വഴി തിരിച്ചുവിട്ടു. ഗുജറാത്തിലെ വാദിനാറിലേക്ക് പുറപ്പെട്ട എണ്ണക്കപ്പലാണ് നിലവിൽ ചൈനയിലെഡോങ്‌യിംഗിലേക്ക് തിരിച്ച് വിട്ടിട്ടുള്ളത്. ഷിപ് ട്രാക്കിംഗ് സ്ഥാപനമായി കെപ്ലർ നൽകുന്ന വിവരം അനുസരിച്ചാണ് കപ്പൽ തിരിച്ച് വിട്ടതായി മനസിലാക്കുന്നത്. കപ്പലിലെ ഓട്ടോമാറ്റിക് ഐഡൻറിഫിക്കേഷൻ സിസ്റ്റം ട്രാക്ക് ചെയ്തുള്ളതാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ട്. 2002ൽ നിർമ്മിതമായ പിംഗ് ഷുൻ എന്ന കപ്പലിന് 2025ലാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ആറ് ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് കപ്പലിലുള്ളത്. 

Add Asianetnews as a Preferred SourcegooglePreferred

ഗുജറാത്തിലെ വാദിനാർ തുറമുഖത്തേക്കായിരുന്നു ഈ കപ്പൽ ആദ്യം വരാനിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി കപ്പലിന്റെ സഞ്ചാരപഥം നിരീക്ഷിച്ച വിദഗ്ധർ, അത് ഇന്ത്യയിലേക്കുള്ള യാത്ര അവസാനിപ്പിച്ച് ചൈനയിലെ ഡോങ്‌യിംഗ് തുറമുഖത്തേക്ക് നീങ്ങുന്നതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ റൂട്ട് മാറ്റത്തിന് പിന്നിൽ പ്രധാനമായും പേയ്‌മെന്റ് നിബന്ധനകളിലെ തർക്കങ്ങളാണെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് വിശദമാക്കുന്നത്. സാധാരണഗതിയിൽ എണ്ണ ഇടപാടുകൾക്ക് 30 മുതൽ 60 ദിവസം വരെ പണം നൽകാനുള്ള സമയം ലഭിക്കാറുണ്ട്. എന്നാൽ പണം മുൻകൂറായി ആവശ്യപ്പെട്ടതാകാം കപ്പലിന്റെ ദിശമാറ്റത്തിന് കാരണമായതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. 

ഇറാൻ ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് ലോകവിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാൻ അമേരിക്കൻ ഭരണകൂടം കഴിഞ്ഞ മാസം ഒരു താൽക്കാലിക ഇളവ് പ്രഖ്യാപിച്ചിരുന്നു. കടലിൽ കെട്ടിക്കിടക്കുന്ന ഇറാനിയൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് അനുവാദം നൽകുന്ന ഈ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. 2019ൽ ട്രംപ് ഭരണകൂടം ഉപരോധം കർശനമാക്കിയത് മുതൽ ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങിയിട്ടില്ല. നിലവിൽ ഇന്ത്യ തങ്ങളുടെ ആവശ്യത്തിനുള്ള എണ്ണയുടെ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം