അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ക്കെതിരെ കടുത്ത നടപടിയുമായി യുഎസ്. യുഎസ് ട്രഷറി വകുപ്പ് ഐസിസിക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. മുൻ ജഡ്ജി നവി പിള്ളയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് നടപടി.

വാഷിങ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്ക. ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിസിയിലെ മുൻ ജഡ്ജിയായ നവി പിള്ളയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഡോണാൾഡ് ട്രംപ് നേതൃത്വം നൽകുന്ന യുഎസ് ഭരണകൂടത്തിൻ്റെ പ്രഖ്യാപനം. യുഎസ് ട്രഷറി വകുപ്പ് ആണ് ഐസിസിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ഐസിസി ഒരു തന്നിഷ്ട കോടതി ആണെന്നും അമേരിക്കക്കാരെയും ഇസ്രായേലികളെയും അന്യായമായി ലക്ഷ്യമിടുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആരോപിച്ചു. അമേരിക്കൻ പൗരന്മാരെയോ അവരുടെ സഖ്യകക്ഷികളെയോ വിചാരണ ചെയ്യാൻ ഐസിസിയെ അനുവദിക്കില്ലെന്ന് റൂബിയോ വ്യക്തമാക്കി.

നടപടിയുടെ ഭാഗമായി യുഎസിൻ്റെ പരിധിയിലുള്ള ഐസിസിയുടെ എല്ലാ ആസ്തികളും മരവിപ്പിക്കും. കൂടാതെ, ഐസിസിയുമായി ബിസിനസ് ബന്ധങ്ങളുള്ള യുഎസ് കമ്പനികൾക്കും വ്യക്തികൾക്കും അത് അവസാനിപ്പിക്കാൻ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അമേരിക്കൻ സൈനികരുടെ സഹായം സ്വീകരിക്കുന്ന സഖ്യരാജ്യങ്ങൾ ഐസിസിയുടെ അധികാരത്തെ തള്ളിക്കളയണമെന്നും അല്ലാത്തപക്ഷം യാത്രാവിലക്ക് അടക്കമുള്ള നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവർക്കെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും അഫ്ഗാനിസ്ഥാനിലെ യുഎസ് നടപടികളിൽ അന്വേഷണം നടത്തിയതുമാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

യുഎസിന്റെ നടപടി അന്താരാഷ്ട്ര നിയമവ്യവസ്ഥയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ഐസിസി പ്രതികരിച്ചു. തങ്ങളുടെ ജീവനക്കാരെ ഭയപ്പെടുത്താനും പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുമാണ് യുഎസ് ശ്രമിക്കുന്നതെന്നും എന്നാൽ ഇതിൽ ഭയപ്പെടാതെ സ്വതന്ത്രമായി മുന്നോട്ട് പോകുമെന്നും ഐസിസി പ്രസിഡന്റ് ടോമോകോ അകാനെ വ്യക്തമാക്കി. കോടതിയിലെ മറ്റ് 125 അംഗരാജ്യങ്ങളോട് തങ്ങൾക്കൊപ്പം നിൽക്കാൻ ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ നടപടിയെ ശക്തമായി അപലപിച്ച ബെൽജിയം, നെതർലൻഡ്‌സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും കോടതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കൻ നിയമജ്ഞയായ നവി പിള്ളയ്ക്ക് രാജ്യാന്തര ക്രിമിനൽ നീതിന്യായ രംഗത്തെ സംഭാവനകൾക്കാണ് നൊബേൽ പുരസ്കാരം ലഭിച്ചത്. ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് കണ്ടെത്തിയ യുഎൻ കമ്മീഷന്റെ അധ്യക്ഷ കൂടിയായിരുന്നു നവി പിള്ള. നവി പിള്ളയ്ക്ക് പുരസ്കാരം നൽകിയതിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. നൊബേൽ കമ്മിറ്റിക്ക് അതിന്റെ ധാർമ്മികത നഷ്ടപ്പെട്ടുവെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചത്. നൊബേൽ കമ്മിറ്റിയെ വിമർശിച്ചുള്ള അമേരിക്കൻ അഭിഭാഷകൻ്റെ കുറിപ്പ് ട്രംപ് തൻ്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു.