Asianet News MalayalamAsianet News Malayalam

'ഇന്ന് മരിക്കാന്‍ പോവുകയാണ്'; കൈവശം 7 ആയുധങ്ങൾ, കൃത്യമായ പരിശീലനം; പൂര്‍വ വിദ്യാര്‍ത്ഥിയുടെ ക്രൂരതയിൽ ഞെട്ടൽ

ഓഡ്രിയുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നെന്ന കാര്യം അറിഞ്ഞില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞതെന്ന് പൊലീസ് മേധാവി പറഞ്ഞു. നേരത്തെ കൈവശമുണ്ടായിരുന്ന ആയുധം ഓഡ്രി വിറ്റിരുന്നു.

US School Shooter Bought 7 Weapons Legally Used 3 To Kill Six btb
Author
First Published Mar 29, 2023, 3:56 PM IST

അമേരിക്കയിലെ നാഷ്‌വില്ലയില സ്‌കൂളില്‍ വെടിയുതിര്‍ത്ത് ആറു പേരെ കൊലപ്പെടുത്തിയ ഓഡ്രി ഹേലിന്റെ കൈവശം ഏഴു ആയുധങ്ങളുണ്ടായിരുന്നെന്ന് നാഷ്‌വില്ല പൊലീസ് മേധാവി ജോണ്‍ ഡ്രേക്ക്. നിയമപരമായി അനുവദിച്ച ആയുധങ്ങളാണ് ഓഡ്രിയുടെ കൈവശമുണ്ടായിരുന്നത്. ഇതില്‍ മൂന്നണ്ണം അക്രമസമയത്ത് ഉപയോഗിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ അഞ്ച് തോക്ക് കടകളില്‍ നിന്നാണ് ഓഡ്രി ഇവ വാങ്ങിയതെന്നും പൊലീസ് അറിയിച്ചു. 

ഓഡ്രിയുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നെന്ന കാര്യം അറിഞ്ഞില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞതെന്ന് പൊലീസ് മേധാവി പറഞ്ഞു. നേരത്തെ കൈവശമുണ്ടായിരുന്ന ആയുധം ഓഡ്രി വിറ്റിരുന്നു. എന്നാല്‍ പിന്നീട് ശേഖരിച്ച തോക്കുകള്‍ മാതാപിതാക്കള്‍ അറിയാതെ വീടിന്റെ വിവിധ ഭാഗങ്ങളിലായി ഓഡ്രി സൂക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 

താന്‍ ട്രാന്‍സ് ജെന്‍ഡറാണെന്ന് ഓഡ്രി സ്വയം പറയുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഓഡ്രി വിഷാദരോഗത്തിന് ചികിത്സ തേടുന്ന വ്യക്തിയാണ്. എന്നാല്‍ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഓഡ്രിയുടെ അഭിഭാഷകരുടെ കൈവശമില്ലെന്നും പൊലീസ് അറിയിച്ചു.

ആക്രമണത്തിന് മുന്‍പ് ഓഡ്രി പരിശീലനം നേടിയിരുന്നതായി സംശയമുണ്ടെന്നും പൊലീസ് മേധാവി പറഞ്ഞു. ഉയരത്തില്‍ നിന്ന് വെടിയുതിര്‍ക്കാന്‍ പ്രത്യേക പരിശീലനം ആവശ്യമാണെന്ന വിലയിരുത്തലിലാണ് ഇക്കാര്യം പറഞ്ഞത്. വ്യക്തമായ ആസൂത്രണത്തോടെയാണ് ഓഡ്രി സ്‌കൂളിലെത്തിയത്. ആക്രമണം നടന്ന സ്‌കൂളിന്റെ വിവിധ ലൊക്കേഷനുകളും എങ്ങനെ സ്‌കൂളിലേക്ക് പ്രവേശിക്കാമെന്നതിന്റെ രേഖകളും ഓഡ്രിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളില്‍ ആക്രമണം നടത്തിയ ശേഷം നഗരത്തിലെ മാളുകളിലും ചില കുടുംബാംഗങ്ങളെയും കൊലപ്പെടുത്താന്‍ ഓഡ്രി ലക്ഷ്യമിട്ടിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആക്രമണത്തിന് തൊട്ടുമുന്‍പ് ഓഡ്രി സുഹൃത്തിന് അയച്ച സന്ദേശങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 'ഇന്ന് മരിക്കാന്‍ പോവുകയാണ്. പറയുന്നത് തമാശയല്ല. മോശമായ കുറച്ച് കാര്യങ്ങള്‍ നടക്കാന്‍ പോകുന്നു. ഒരു ദിവസം കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസിലാകുമായിരിക്കും. നമ്മള്‍ക്ക് മറ്റൊരു ജീവിതത്തില്‍ വീണ്ടും കാണാ'മെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

'ധൈര്യശാലികള്‍ എങ്കിലും...'; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ഒരു ഹിമപാതത്തിന്‍റെ വീഡിയോ!
 

Follow Us:
Download App:
  • android
  • ios