വാഷിങ്ടണ്‍: കൊവിഡ് വാക്‌സിനെടുക്കുന്നവര്‍ക്ക് കഞ്ചാവ് വാഗ്ദാനം ചെയ്ത് അമേരിക്കയിലെ വാഷിങ്ടണ്‍ സ്റ്റേറ്റ്. വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ത്താനാണ് അധികൃതര്‍ കഞ്ചാവ് വാഗ്ദാനവുമായി രംഗത്തെത്തിയത്. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനത്ത് 2012ല്‍ കഞ്ചാവ് വില്‍പന നിയമവിധേയമാക്കിയിരുന്നു. 21 വയസ്സ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും വാക്‌സിനെടുത്താല്‍ ആവശ്യമെങ്കില്‍ കഞ്ചാവ് സൗജന്യമായി ലഭിക്കും.

വാക്‌സിനെടുത്തവര്‍ക്ക് സൗജന്യമായി മദ്യം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കിയതിന് പിന്നാലെയാണ് വാഷിങ്ടണ്‍ സ്റ്റേറ്റ് കഞ്ചാവും സൗജന്യമായി ലഭ്യമാക്കുന്നത്. വാഷിങ്ടണ്‍ സ്റ്റേറ്റില്‍ വാക്‌സിനേഷന്‍ നിരക്ക് കുറവാണ്. സര്‍ക്കാര്‍ രേഖയനുസരിച്ച് 54 ശതമാനം പേരാണ് ഒരു ഡോസ് വാക്‌സീനെങ്കിലും സ്വീകരിച്ചിവര്‍. സമീപദിവസങ്ങളില്‍ അമേരിക്കയില്‍ വാക്‌സിനെടുക്കന്നവരുടെ എണ്ണവും കുറയുകയാണ്. ഇതിനെ മറികടക്കാനാണ് ബിയറും മദ്യവും കഞ്ചാവും സൗജന്യമായി നല്‍കുന്നത്.

കാലിഫോര്‍ണിയയും ഓഹിയോയും വാക്‌സിനെടുത്തവര്‍ക്ക് നറുക്കെടുപ്പിലൂടെ ക്യാഷ് പ്രൈസും കോളേജ് സ്‌കോളര്‍ഷിപ്പും നല്‍കിയിരുന്നു. സ്‌പോര്‍ട്‌സ് ടിക്കറ്റ്, വിമാനടിക്കറ്റ് എന്നിവയും വിവിധ സംസ്ഥാനങ്ങള്‍ സമ്മാനമായി നല്‍കുന്നുണ്ട്. അമേരിക്കയുടെ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിനകം 70 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കണമെന്നാണ് അമേരിക്കന്‍ സര്‍ക്കാറിന്റെ ലക്ഷ്യം. നിലവില്‍ അമേരിക്കയിലെ 63.7 ശതമാനം ആളുകളും വാക്‌സീന്‍ സ്വീകരിച്ചു.