Asianet News MalayalamAsianet News Malayalam

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍: സുപ്രധാന കൂടിക്കാഴ്ചകൾ

വെളളിയാഴ്ച ജപ്പാനിലെ ഒസാക്കയില്‍ ആരംഭിക്കുന്ന ജി -20 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായാണ് സന്ദർശനം

US State Secretary arrives in Delhi Iran H1B visa trade on India agenda
Author
New Delhi, First Published Jun 26, 2019, 6:54 AM IST

ദില്ലി: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച്ച നടത്തും. യുഎസ് ഭരണകൂടം ഇന്ത്യയെ വ്യാപാര മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് മൈക്ക് പോംപെയോയുടെ സന്ദർശനം.

വെളളിയാഴ്ച ജപ്പാനിലെ ഒസാക്കയില്‍ ആരംഭിക്കുന്ന ജി -20 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായാണ് സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിൽ നിലനില്‍ക്കുന്ന സാമ്പത്തിക അസ്വാരസ്യങ്ങൾ ഉൾപ്പടെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് മൈക്ക് പോംപെയോ സന്ദർശനത്തിൽഊന്നൽ നൽകുക. 

വ്യാപാര മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കി തീരുമാനം പുനപരിശോധിക്കാൻ അമേരിക്കയോട് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെടും. അമേരിക്കയുടെ ഇറാൻ ഉപരോധത്തിന് അനൂകൂല നിലപാടല്ല ഇതുവരെ ഇന്ത്യ സ്വീകരിച്ചത്. ഈക്കാര്യത്തിൽ ഇന്ത്യയുടെ അനുനയിപ്പിക്കാനാകും അമേരിക്കയുടെ ശ്രമം. റഷ്യയുമായുള്ള ഇന്ത്യയുടെ ആയുധവ്യാപാരം കുറച്ച് അമേരിക്കയുമായി കൂടുതൽ ഇടപാടുകളിലേക്ക് കടക്കുക എന്ന ലക്ഷ്യവും പോംപെയോ യുടെ സന്ദർശനത്തിനുണ്ട്. 

എന്നാൽ റഷ്യമായുള്ള ആയുധ വ്യാപാരത്തിൽ കുറവ് വരുത്തുന്ന നീക്കങ്ങൾ ഉണ്ടാകില്ലെന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം നൽകുന്നത്. 5 ജി സാങ്കേതിക വിദ്യയിൽ ചൈനീസ് കന്പനിയായ വാവെയെ സാങ്കേതിക സഹകരണത്തിൽ ഉൾപ്പെടുത്തരുതെന്ന് അമേരിക്ക ഇന്ത്യയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഈക്കാര്യത്തിൽ അമേരിക്കൻ സഹകരണത്തിന് ഇന്ത്യ താൽപര്യപ്പെടുമോ എന്നാണ് വിദേശകാര്യ നിരീക്ഷക‌ർ ഉറ്റുനോക്കുന്നത്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം,ഡാറ്റ ലോക്കലൈസേഷന്‍, ഇ കൊമേഴ്‌സ് അടക്കമുള്ളവ വിഷയങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയാകും.

യുഎസ്സിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി തീരുവ ഉയർത്തുവാനുള്ള ഇന്ത്യയുടെ നീക്കം , യുഎസ്സിന്‍റെ H-1B വിസ പ്രോഗ്രാമിൽ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ എന്നിവയിലും ചർച്ചകൾ നടക്കും. വിദേശനയത്തില്‍ അമേരിക്കയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന നയതന്ത്ര സമീപനമാണ് വിദേശകാര്യ സെക്രട്ടറി എന്ന നിലയിലും അതിന് മുൻപും എസ് ജയശങ്കര്‍ സ്വീകരിച്ചിരുന്നത്. ജയശങ്ക‍ർ വിദേശകാര്യ മന്ത്രിയായതിന് ശേഷം അമേരിക്കയുമായി നടക്കുന്ന ആദ്യ ചർച്ചയിൽ ഏതെല്ലാം വിഷയത്തിൽ ഇരുരാജ്യങ്ങളും യോജിപ്പിൽ എത്തുമെന്നാണ് ഇനി അറിയേണ്ടത്. 

Follow Us:
Download App:
  • android
  • ios