രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ആണവ യുദ്ധം ഒഴിവാക്കാൻ ഇടപെട്ടെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആവർത്തിച്ചു
വാഷിങ്ടണ്‍: അമേരിക്ക ഇന്ത്യ-പാകിസ്ഥാൻ സാഹചര്യം ഓരോ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ആണവ യുദ്ധം ഒഴിവാക്കാൻ ഇടപെട്ടെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം അദ്ദേഹം ആവർത്തിച്ചു. വെടിനിർത്തൽ കരാർ എപ്പോൾ വേണമെങ്കിലും തെറ്റിക്കപ്പെടുമെന്നും അത് നിലനിർത്തുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
"വെടിനിർത്തൽ നിലനിർത്തേണ്ടതുണ്ട്. അത് വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ ഓരോ ദിവസവും എന്താണ് സംഭവിക്കുന്നതെന്ന് യുഎസ് നിരീക്ഷിക്കുന്നുണ്ട്"- മാർക്കോ റൂബിയോ എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിലേക്ക് എത്തിയത് തന്‍റെ ഇടപെടൽ കൊണ്ടാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പല തവണ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യ ഈ അവകാശവാദം തുടക്കം മുതൽ നിഷേധിച്ചു. ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ഒരു രാജ്യത്തെ നേതാവും ഇന്ത്യയോട് ആവശ്യപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഉൾപ്പെടെ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപനത്തിൽ എത്തുന്നതിൽ പുറത്തു നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാകിസ്ഥാൻ ട്രംപിന്റെ അവകാശവാദത്തെ ഏറ്റുപിടിച്ചു. തുടർന്ന് പാകിസ്ഥാനുമായി അമേരിക്ക അതിവേഗം എണ്ണക്കരാർ ഒപ്പിടുകയും ചെയ്തു.
റഷ്യ - യുക്രൈൻ യുദ്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് റഷ്യ ഇതുവരെ വെടിനിർത്താൻ സമ്മതിച്ചിട്ടില്ലെന്ന് മാർക്കോ റൂബിയോ മറുപടി നൽകി. ലക്ഷ്യം സമാധാന കരാറാണെന്നും അദ്ദേഹം പറഞ്ഞു- "സമാധാനം പുനസ്ഥാപിക്കുന്നതിന് മുൻഗണന നൽകുന്ന പ്രസിഡന്‍റിനെ ലഭിച്ചതിൽ നമ്മൾ ഭാഗ്യവാന്മാരും അനുഗ്രഹിക്കപ്പെട്ടവരുമാണ്. നമ്മൾ നന്ദിയുള്ളവരായിരിക്കണമെന്നും ഞാൻ കരുതുന്നു. നമ്മൾ അത് കംബോഡിയ - തായ്‌ലൻഡ് വിഷയത്തിൽ കണ്ടു. ഇന്ത്യ - പാകിസ്ഥാൻ വിഷയത്തിൽ കണ്ടു. റുവാണ്ടയിലും ഡിആർസിയിലും കണ്ടു. ലോകത്ത് സമാധാനം പുനസ്ഥാപിക്കാൻ കഴിയുന്ന ഏത് അവസരത്തിലും നമ്മളത് ചെയ്യും."
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ഉച്ചകോടി ദിനത്തിലും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താൻ നിർത്തിയെന്ന് ട്രംപ് പല തവണ ആവർത്തിച്ചു. ജീവനാണ് മറ്റെന്തിനേക്കാളും വലുത്. യുദ്ധം നല്ല കാര്യമല്ല. അത് അവസാനിപ്പിക്കാനും ആളുകളെ ഒരുമിപ്പിക്കാനും തനിക്ക് കഴിവുണ്ടെന്ന് തോന്നുന്നു, അതിന് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ശക്തി ഉപയോഗിക്കുന്നു എന്നാണ് ട്രംപ് പറഞ്ഞത്.


