അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പശ്ചിമേഷ്യൻ പര്യടനത്തിന് തുടക്കമിട്ടു. ഇറാൻ-അമേരിക്ക സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ യുഎഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകൾ അകറ്റുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം

അബുദാബി: ഇറാൻ-അമേരിക്ക സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് പശ്ചിമേഷ്യൻ പര്യടനത്തിന് തുടക്കമിടുന്നു. യു എ ഇ, കുവൈത്ത്, ബഹ്റൈൻ എന്നീ മൂന്ന് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന റൂബിയോ, ബഹ്റൈനിൽ നടക്കുന്ന ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും പങ്കെടുക്കും. അമേരിക്ക – ഇറാൻ ധാരണയെക്കുറിച്ച് ഗൾഫ് രാജ്യങ്ങൾക്കുള്ള ആശങ്കകൾ അകറ്റുകയും, അവരുടെ സുരക്ഷാ താൽപര്യങ്ങൾക്ക് യാതൊരു ഭീഷണിയും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുകയും ചെയ്യുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാനിൽ വിമർശനം ശക്തം

അതേസമയം അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പങ്കെടുത്ത ഇറാൻ പ്രതിനിധി സംഘം, രാജ്യത്തിനകത്ത് യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും രൂക്ഷവിമർശനമാണ് നേരിടുന്നത്. ചർച്ചാ സംഘത്തിന്റെ യാത്ര മുടങ്ങാനായി വിമാനത്താവളം അടഞ്ഞുകിടന്നിരുന്നെങ്കിൽ എന്ന് തങ്ങൾ ആഗ്രഹിച്ചുപോയെന്ന ഔദ്യോഗിക റേഡിയോ ആൻഡ് ടെലിവിഷൻ നെറ്റ്‌വർക്കായ ഐ ആർ ഐ ബിയടക്കം കടുത്ത വിമ‍ർശനമാണ് ഉയർത്തുന്നത്. വിമർശനം ശക്തമായതോടെ ചർച്ചകൾക്ക് നേതൃത്വം നൽകിയ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖേർ ഖാലിബാഫ് രംഗത്തെത്തി. അമേരിക്കയുമായുള്ള ഈ ചർച്ച നടന്നിരുന്നില്ല എങ്കിൽ ലെബനനിൽ ഇതിനകം കൂടുതൽ മുസ്‌ലിം രക്തം വീഴുമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും ഭരണപരമായ കാര്യങ്ങളും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇറാൻ തന്നെ കൈകാര്യം ചെയ്യുമെന്നും സ്പീക്കർ വ്യക്തമാക്കി. ചർച്ചകൾ ഇറാന് നേട്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്‍റെ കയറ്റുമതി വിലക്ക് നീക്കി അമേരിക്ക

അതേസമയം സമാധാന ധാരണയുടെ ഭാഗമായി അന്താരാഷ്ട്ര വിപണിയിലേക്കുള്ള ഇറാന്റെ കയറ്റുമതി വിലക്ക് അമേരിക്ക നീക്കി. അമേരിക്കൻ ട്രഷറി സെക്രട്ടറിയാണ് പ്രഖ്യാപനം നടത്തിയത്. അറുപത് ദിവസത്തേക്കുള്ള താൽക്കാലിക ലൈസൻസാണ് നൽകിയത്. തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് ഇറാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ അനുവദിക്കുന്നത് സമ്മതിച്ചതായി അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇതോടെ ഇറാന്റെ ആണവ പദ്ധതികളുടെ വിവരം ലോകത്തിന് ലഭിക്കും. ഇറാന്റെ പുനർനിർമ്മാണത്തിനുള്ള മുപ്പതിനായിരം കോടി ഡോളർ ഫണ്ട്, ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ എന്നിവ നൽകുന്നതിനുള്ള നടപടികൾക്കും അമേരിക്ക സമ്മതിച്ചു. ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായെന്ന് അമേരിക്കയും, ഉറപ്പുകൾ പാലിക്കുന്നതിന് പകരമായി ഉറപ്പുകൾ തങ്ങളും പാലിക്കുമെന്നാണ് നിലപാടെന്ന് ഇറാനും പറഞ്ഞു.

YouTube video player